മോഹന്‍ലാലിൻ്റെ വെള്ളിത്തിരയിലെ ആദ്യ അമ്മയായിരുന്നു അന്തരിച്ച സുകുമാരി. തൊട്ടതെല്ലാം പൊന്നാക്കിയ ആ വലിയ താരത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മലയാളികളുടെ മനസില്‍നിന്നു മായില്ല. മലയാളത്തിലും മാത്രമല്ല, തെന്നിന്ത്യയിലും താരം സജീവമായിരുന്നു. സുകുമാരിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് എല്ലാവരുടെയും മനസിനെ തൊടുന്ന വാക്കുകളാണ്.
ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്‌നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്‌നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. നന്മയുടെയും സ്‌നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക് സുകുമാരി ചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍മുതല്‍ നിറഞ്ഞ സ്‌നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല.
അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്റെ ജീവിതത്തില്‍. ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്.ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി അവര്‍ എനിക്കരികിലെത്തിയിട്ടുണ്ട്. എന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങളേക്കാളുപരിയായി സുകുമാരിചേച്ചിയുടെ മാതൃവാത്സല്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
എന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഞങ്ങള്‍ ആദ്യമൊന്നിച്ചത്. ആ സിനിമയില്‍ത്തന്നെ എന്റെ അമ്മവേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എന്റെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നില്‍ നിന്നു ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്. സഞ്ചാരിയില്‍ എനിക്കു വില്ലന്‍വേഷമായിരുന്നു. ചേച്ചിയുടെ കഥാപാത്രവും നെഗറ്റീവായിരുന്നു. സഞ്ചാരിയില്‍ തുടങ്ങിയ ആ സൗഹൃദം തെളിഞ്ഞുകത്തുന്ന നിലവിളക്കുപോലെ പ്രകാശം പരത്തി അഭിനയത്തിന്റെ വഴിത്താരകളില്‍ എനിക്കൊപ്പമുണ്ടായിരുന്നു, മരണംവരെ- മോഹന്‍ലാല്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

