‘അന്ന് ചേട്ടനെ രക്ഷിക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചു…’; ജ്യേഷ്ഠനെ നഷ്ടമായ യാത്രയെപ്പറ്റി ഷാജി കൈലാസ്

രണ്ട് ദിവസമായി ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നതും സോഷ്യൽമീഡിയ ഭരിക്കുന്നതും മഞ്ഞുമ്മൽ ബോയ്‌സാണ്. 2006ൽ കൊടൈക്കനാലിലെ ഗുണ കേവിൽ പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കുന്ന വിനോദയാത്രാ സംഘത്തിന്റെ യഥാർത്ഥ കഥ പറയുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിൽ കഥാപാത്രങ്ങളാക്കപ്പെട്ട യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടിറങ്ങിയ ശേഷം തങ്ങളെ തന്നെ വീണ്ടും സ്‌ക്രീനിൽ കാണുന്നതുപോലെ തോന്നിയെന്നാണ് നിറകണ്ണുകളോടെ പറഞ്ഞത്. ചിദംബരം സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹ്‌മാൻ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. സെലിബ്രിറ്റികളെല്ലാം മഞ്ഞുമ്മൽ ബോയ്‌സ് കാണാനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ഷാജി കൈലാസ് മഞ്ഞുമ്മൽ ബോയ്‌സിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. ഒപ്പം തനിക്കുണ്ടായ അനുഭവവും സോഷ്യൽമീഡിയ പോസ്റ്റിലൂടെ വിവരിച്ചു. ജീവിതം തൊട്ട സിനിമ എന്നാണ് മഞ്ഞുമ്മൽ ബോയ്‌സിന് ഷാജി കൈലാസ് നൽകിയ വിശേഷണം.

‘കാണാവുന്ന സാഹിത്യമെന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം.ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ. പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്.’ ‘വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസിലായില്ല. കുറച്ച് കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അത് പതുക്കെ വലുതാവാൻ തുടങ്ങി.’ ‘രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം. വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.’

‘പിന്നീടാണ് വിവരങ്ങൾ ഞാൻ മനസിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ… അഗസ്ത്യാർകൂടത്തിലേക്കായിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.’ ‘സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അത് അനുഭവിച്ചവർക്കെ അറിയൂ. മഞ്ഞുമ്മൽ ബോയ്‌സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോയെന്ന് പ്രേക്ഷകർ മറന്നു പോകുന്നത്.’ ‘അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർകാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്. ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നുവെന്ന് മാത്രം. മഞ്ഞുമ്മൽ ബോയ്‌സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി.’ ‘അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ… ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല ഭാഗ്യം തുണച്ചില്ല. ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു’, എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply