യു.എ.ഇ ടൂർ മെൻസ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് അൽഐനിലെ പ്രധാന റോഡുകളിൽ ഇന്ന് (ഫെബ്രുവരി 21) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അൽഐൻ മ്യൂസിയം മുതൽ ജബൽ ഹഫീത്ത് വരെയുള്ള വിവിധ റൂട്ടുകളിലാണ് നിയന്ത്രണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ ബദൽ മാർഗ്ഗങ്ങൾ തേടുകയോ യാത്രയ്ക്കായി കൂടുതൽ സമയം മാറ്റിവെക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അൽഐൻ മ്യൂസിയം ഭാഗത്തുനിന്നാണ് സൈക്ലിങ് റേസ് ആരംഭിക്കുന്നത്. ഇതനുസരിച്ച് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റും സമീപത്തുള്ള ഉൾറോഡുകളും ഉച്ചയ്ക്ക് 12.30-നും 1.00-നും ഇടയിൽ അടയ്ക്കും. തുടർന്ന് രണ്ടാം ഘട്ട നിയന്ത്രണം 1.20 വരെ തുടരും. മ്യൂസിയം ഡിസ്ട്രിക്ടിനെ അൽഐൻ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ ഉച്ചയ്ക്ക് 12.55 മുതൽ 1.35 വരെയും, വിമാനത്താവള പരിസരത്തെ റോഡുകളിൽ 1.10 മുതൽ 1.55 വരെയും നിയന്ത്രണമുണ്ടാകും.
പെലോട്ടൺ അൽ ജിമിയിലേക്ക് നീങ്ങുന്നതിനാൽ ഉച്ചയ്ക്ക് ഒന്നിനും 1.40-നും ഇടയിൽ കൂടുതൽ അടച്ചിടലുകൾ പ്രതീക്ഷിക്കാം. റേസ് താമസ-വാണിജ്യ മേഖലകളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ 2.25 വരെ ഈ ഭാഗങ്ങളിലും നിയന്ത്രണമുണ്ടാകും. വൈകുന്നേരം സാക്കിർ, ഗ്രീൻ മുബസ്സറ ഭാഗത്തേക്കുള്ള റോഡുകളിൽ 3.05 മുതൽ 3.55 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജബൽ ഹഫീത്തിന്റെ താഴ്‌വാരത്തിലേക്ക് സൈക്ലിസ്റ്റുകൾ എത്തുന്നതോടെ ഉച്ചകഴിഞ്ഞ് 3.45 മുതൽ 4.30 വരെ മത്സരത്തിന്റെ അവസാന ഘട്ടം വരെ റോഡുകൾ പൂർണ്ണമായും അടച്ചിടും.

