ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ വീണ്ടും ഒന്നാമതെത്തി. ന്യൂംബിയോ പുറത്തിറക്കിയ ‘സേഫ്റ്റി ഇൻഡക്‌സ് ബൈ കൺട്രി 2025 മിഡ് ഇയർ’ റിപ്പോർട്ടിലാണ് ഈ നേട്ടം. 85.2 പോയിന്റ് നേടിയാണ് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഈ പട്ടികയിൽ അൻഡോറ 84.8 പോയിന്റുമായി രണ്ടാം സ്ഥാനവും ഖത്തർ 84.6 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. 200-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന യു.എ.ഇ, ജീവിതനിലവാരത്തിലും സുരക്ഷിതത്വത്തിലും മുൻപും വിവിധ ആഗോള സൂചികകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യ 14-ാം സ്ഥാനത്തും ബഹ്റൈൻ 15-ാം സ്ഥാനത്തും കുവൈത്ത് 38-ാം സ്ഥാനത്തും ഇടം നേടി.
ജൂണിൽ പുറത്തിറക്കിയ സുരക്ഷിത നഗരങ്ങളുടെ പട്ടികയിലും യു.എ.ഇയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ 10 നഗരങ്ങളിൽ യു.എ.ഇയിൽ നിന്ന് അബുദാബിക്ക് പുറമെ ദുബായ്, ഷാർജ എന്നിവയും ഉൾപ്പെടുന്നു.ഖത്തർ തലസ്ഥാനമായ ദോഹ 84.1 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ദുബായ് 83.8 പോയിന്റോടെ മൂന്നാം സ്ഥാനവും, തായ്വാനിലെ തായ്പേയ് 83.8 പോയിന്റോടെ നാലാം സ്ഥാനവും നേടി. ഷാർജയും 83.8 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

