ഇന്ത്യൻ സിനിമാ ലോകം പതിറ്റാണ്ടുകളായി കാത്തിരുന്ന ആ അപൂർവ്വ നിമിഷം യാഥാർത്ഥ്യമാകുന്നു. സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 47 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ‘KH x RK റീ യൂണിയൻ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ നെൽസൺ ആണ് ഈ ചരിത്രപരമായ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ജയിലർ 2 എന്ന ചിത്രത്തിനുശേഷം രജനീകാന്തും നെൽസണും ഒന്നിക്കുന്ന ചിത്രമാണിത്. കമൽഹാസൻ-നെൽസൺ ടീമാകട്ടെ ആദ്യമായാണ് ഒരു സിനിമ ചെയ്യുന്നത്. രണ്ടുപേർ തമ്മിലുള്ള ഈഗോ ക്ലാഷാണോ ചിത്രം സംസാരിക്കുന്ന വിഷയമെന്ന ആകാംക്ഷയുണ്ടാക്കുന്നതാണ് പ്രൊമോ വീഡിയോ. ബബ്ലു രചിച്ച് അനിരുദ്ധ് ഈണമിട്ട ‘ആജാ രാജാ’ എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം. നെൽസണും അനിരുദ്ധും വീഡിയോയിൽ സൂപ്പർതാരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. റെഡ് ജയന്റ് മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാജീവ് മേനോനാണ്.
1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത് 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രജനീകാന്തും കമൽഹാസനും ഒന്നിച്ച് ഒരു ചിത്രത്തിൽ വേഷമിടുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാൻ സാധിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് റെഡ് ജയന്റ് മൂവീസ് പ്രതിനിധികൾ വ്യക്തമാക്കി.

