ചന്ദ്രകാന്ത് പി. ടി.
സിന്ധു നദീതട സംസ്കാരകാലഘട്ടം (Indus Valley Civilization) മുതൽ ഇന്നത്തെ ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗങ്ങളിലേക്ക് വിവിധ തരത്തിലുള്ള കുടിയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നത് ചരിത്രസത്യമാണു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ച ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റം, പ്രത്യേകിച്ച് മലയാളികളുടെ പ്രവാസജീവിതം, ഇന്നും അക്ഷീണമായി തുടരുകയാണ്.
പത്തൊൻപതാം നൂറ്റാണ്ടോടെ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ തോതിൽ മലയാളി കുടിയേറ്റം ആരംഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കുടിയേറ്റങ്ങൾ പ്രധാനമായും പ്ലാന്റേഷൻ മേഖലകളിലേക്കായിരുന്നു. തമിഴ് ജനത സിംഗപ്പൂർ, മലേഷ്യ എന്നിവയ്ക്കൊപ്പം ശ്രീലങ്കയിലേക്കും “തോട്ടം” ജോലികൾക്കായി കുടിയേറി. ഇന്ന് ശ്രീലങ്കയിൽ തമിഴ് സംസാരിക്കുന്നവർ ആകെ ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്നു.
മലേഷ്യയിൽ ഏകദേശം 2.2 മില്യൺ ഇന്ത്യക്കാരും സിംഗപ്പൂരിൽ ഏകദേശം 1.96 മില്യൺ ഇന്ത്യക്കാരും താമസിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ബ്രിട്ടൻ, മറ്റ് കോമൺവെൽത്ത് രാജ്യങ്ങൾ, പ്രത്യേകിച്ച് മുൻ ബ്രിട്ടീഷ് കോളനികളായ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യയിൽ നിന്ന് വലിയ തോതിൽ കുടിയേറ്റമുണ്ടായി. വിദേശ കുടിയേറ്റത്തിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിന്നത് ഗുജറാത്തികളായിരുന്നു. യൂറോപ്പിലും അമേരിക്കയിലും വ്യാപാര-സാമ്പത്തിക സ്ഥാപനങ്ങൾ സ്ഥാപിച്ച് അവർ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.
1893-ൽ മഹാത്മാ ഗാന്ധി ബ്രിട്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കു പോയത് അവിടത്തെ ഗുജറാത്തി സമൂഹത്തിന്റെ നിയമപരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ന് യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, കെനിയ, ടാൻസാനിയ, ഉഗാണ്ട, കരീബിയൻ മേഖലകൾ എന്നിവിടങ്ങളിൽ “പട്ടേൽ” കുടുംബങ്ങൾ പ്രധാനപ്പെട്ട ഒരു സമൂഹമായി നിലകൊള്ളുന്നു. യുഎസിൽ മാത്രം ഏകദേശം അഞ്ച് ലക്ഷം ഗുജറാത്തികൾ ഉണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു.
“The Economic Times” റിപ്പോർട്ട് പ്രകാരം, വിദേശ ഇന്ത്യക്കാരുടെ ബിസിനസ് മേഖലയിൽ ഏകദേശം 33 ശതമാനവും ഗുജറാത്തികളുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ 190 രാജ്യങ്ങളിൽ 129 രാജ്യങ്ങളിലും ഗുജറാത്ത് വംശജർ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തികമായി മുന്നേറിയ, ഉയർന്ന ജാതികളിൽപ്പെട്ട കുടുംബങ്ങളാണ് പ്രധാനമായും ഗുജറാത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയത്. അതിനാൽ കേരളത്തിലെപ്പോലെ പൊതുസമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിൽ വിദേശനാണ്യ വരവ് ഗുജറാത്തിൽ നിർണായകമായ മാറ്റം സൃഷ്ടിച്ചില്ല. കാരണം, ഗുജറാത്തികൾ അവർ കുടിയേറിയ രാജ്യങ്ങളിലെ പൗരന്മാരായി മാറിയതായിരുന്നു;
എന്നാൽ കേരളത്തിന്റെ കുടിയേറ്റ അനുഭവം ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
ഇന്ന് ലോകമാകെ ഏകദേശം 3.5 കോടി ഇന്ത്യക്കാർ കുടിയേറ്റക്കാരായി വിദേശരാജ്യങ്ങളിൽ താമസിക്കുന്നുവെന്നതാണ് ഔദ്യോഗിക കണക്ക്. IIT പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് മികച്ച വിജയം നേടിയവരുപോലും വിദേശ തൊഴിൽ തിരയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, കഴിവുറ്റ ഡോക്ടർമാർ തുടങ്ങിയ പ്രതിഭകളെ ആകർഷിക്കുക എന്നത് പല രാജ്യങ്ങളുടെയും നയത്തിന്റെ ഭാഗമാണ്.
1950-കളോടെ എണ്ണ ഉൽപാദനവും അതിന്റെ വർധിച്ച ആവശ്യകതയും അറബ് രാജ്യങ്ങളിൽ ഒരു പുതിയ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കി. അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും വാണിജ്യ സ്ഥാപനങ്ങളും വൻതോതിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. അന്ന് തന്നെ എഴുത്തിലും വായനയിലും ഉയർന്ന വിദ്യാഭ്യാസയോഗ്യതയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലായിരുന്ന മലയാളികൾ ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി. അറബി ഭാഷയോടുള്ള പരിചയം, പ്രത്യേകിച്ച് മലബാർ മാപ്പിളമാർക്ക് അറബികളുമായുണ്ടായിരുന്ന നൂറ്റാണ്ടുകളായുള്ള വ്യാപാരബന്ധങ്ങൾ, തൊഴിലാളികളെ തേടി അറബികൾ മലബാറിലേക്കെത്താൻ കാരണമായി. കോഴിക്കോട്ട് നിർമ്മിച്ച ശക്തമായ യാനങ്ങൾ വിദേശരാജ്യങ്ങളിൽ പ്രശസ്തമായിരുന്നു.
തുടക്കകാലത്ത് രേഖകളില്ലാതെ അനധികൃതമായാണ് മലയാളികൾ ഗൾഫ് മേഖലയിലേക്ക് കടന്നത്. 1960-കളിൽ ഔദ്യോഗികമായി താൽക്കാലിക തൊഴിൽ കുടിയേറ്റങ്ങൾ ആരംഭിക്കുകയും 1972 മുതൽ 1983 വരെയുള്ള കാലഘട്ടം “ഗൾഫ് ബൂം” എന്നറിയപ്പെടുകയും ചെയ്തു. നിർമാണ തൊഴിലാളികൾ, തൂപ്പുകാർ, ടെക്നിക്കൽ വർക്കേഴ്സ്, ഷോപ്പ് കീപ്പേഴ്സ്, ഹോട്ടൽ, ബാങ്കിംഗ്, ഡ്രൈവർ മേഖലകൾ തുടങ്ങി എല്ലാ രംഗങ്ങളിലും മലയാളികൾ ശക്തമായ സാന്നിധ്യം സ്ഥാപിച്ചു. ഉയർന്ന മാനേജ്മെന്റ് നിലകളിലേക്കും അവർ കടന്നുകയറി. കഠിനാധ്വാനം ചെയ്യുന്ന സ്വഭാവം മികച്ച വരുമാനത്തിന് വഴിയൊരുക്കി. നാട്ടിൽ ലഭിക്കുന്നതിന്റെ പത്തും നൂറും മടങ്ങ് ശമ്പളം മലയാളികളെ സമ്പന്നരാക്കി, അതിന്റെ വലിയൊരു ഭാഗം നാട്ടിൽ ചെലവഴിക്കപ്പെട്ടതോടെ കേരളത്തിൽ വികസനത്തിനും ഇത് കാരണമായി.
2016 വരെ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ വരവിന്റെ ഏകദേശം 17 ശതമാനം മലയാളികളുടേതായിരുന്നു. 2020-ൽ മാത്രം GCC രാജ്യങ്ങളിൽ ഏകദേശം 35 ലക്ഷം മലയാളികൾ ഉണ്ടായിരുന്നു. എന്നാൽ 2016 മുതൽ ഗൾഫിൽ നിന്ന് തിരിച്ചൊഴുക്ക് (Reverse Migration) ആരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കുറഞ്ഞ ശമ്പളത്തിന് എത്തിയത്, മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി, എന്നിവ ഇതിന് കാരണമായി. 2020–21 കാലഘട്ടത്തിൽ മാത്രം കോവിഡ് പശ്ചാത്തലത്തിൽ GCC രാജ്യങ്ങളിൽ ഏകദേശം 10 ലക്ഷം മലയാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി “നോർക്ക”യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ മലയാളികൾ ഇന്നും മുൻപന്തിയിലാണ്. എന്നാൽ അവിടുത്തെ പൗരത്വം സ്വീകരിക്കുന്നതിനാൽ ഈ സ്ഥിര കുടിയേറ്റങ്ങൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നില്ല. ഇന്ന് കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എഞ്ചിനീയറിംഗ്, മെഡിക്കൽ രംഗങ്ങളിലെ മലയാളികളുടെ ഒഴുക്ക് ശക്തമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ലഭിക്കാത്ത ശമ്പളവും സാമൂഹിക സുരക്ഷയും ഇവിടങ്ങളിൽ ലഭിക്കുന്നതും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) 2024–25 കാലയളവിലെ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയത് ആന്ധ്രാപ്രദേശിൽ നിന്നാണെങ്കിലും, ജനസംഖ്യാനുപാതത്തിൽ (Per Capita) ഒന്നാം സ്ഥാനത്ത് പഞ്ചാബാണ്. നഴ്‌സിംഗ് പോലുള്ള ആരോഗ്യ മേഖലകളിൽ നിന്ന് വിദേശത്തേക്ക് പോകുന്നതിൽ കേരളം ഇന്നും മുന്നിലാണ്.
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയ മൊത്തം ജനസംഖ്യ ഇന്ന് ഏകദേശം 3.54 കോടി കവിഞ്ഞിരിക്കുകയാണ്. ഈ പ്രവണത കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചില സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വയോധികർ നാട്ടിലും യുവതലമുറ വിദേശത്തുമായി വിഭജിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ കേരളത്തിലെ വീടുകളുടെ കുറഞ്ഞത് 20 ശതമാനമെങ്കിലും താമസക്കാരില്ലാതെ മാറുമെന്ന മുന്നറിയിപ്പും വിദഗ്ധർ ഉയർത്തുന്നു.
ഇതെല്ലാം മാറിവരുന്ന കാലഘട്ടത്തിന്റെ സ്വാഭാവിക സവിശേഷതകളാണ്. അതിനാൽ യുവതലമുറ ആകാശത്തോളം പറക്കട്ടെ, പുതിയ ലോകം തേടി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കട്ടെ.

