കഫേകൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിലെ സൗജന്യ വൈ-ഫൈ നെറ്റ്‌വർക്കുകൾ സൗകര്യപ്രദമാണെങ്കിലും, സൈബർ കുറ്റവാളികളുടെ പ്രധാന ഇര തേടൽ കേന്ദ്രങ്ങൾ കൂടിയാണിത്. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഈ നെറ്റ്‌വർക്കുകൾ, ഡാറ്റാ മോഷണം, ലോഗിൻ വിവരങ്ങൾ ചോർത്തൽ, മാൽവെയർ ആക്രമണങ്ങൾ എന്നിവക്ക് ഹാക്കർമാർക്ക് എളുപ്പത്തിൽ അവസരം നൽകുന്നു.
വലിയ ബിസിനസ്സുകളെ മാത്രമല്ല, സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന വ്യക്തികളെയും ഹാക്കർമാർ ലക്ഷ്യമിടുന്നു. മതിയായ സംരക്ഷണം ഇല്ലാതെ കണക്റ്റ് ചെയ്താൽ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, വ്യക്തിഗത ഫയലുകൾ എന്നിവ നിമിഷങ്ങൾക്കുള്ളിൽ ചോർന്നുപോയേക്കാം. മിക്ക പൊതു വൈ-ഫൈകളിലും ശക്തമായ എൻക്രിപ്ഷൻ ഇല്ലാത്തതിനാൽ ഓൺലൈൻ പണമിടപാടുകൾ പോലുള്ള സെൻസിറ്റീവായ കാര്യങ്ങൾ അതീവ അപകടകരമാണ്.
പൊതു വൈ-ഫൈയിലെ പ്രധാന സൈബർ കെണികൾ
- ഈവിൾ ട്വിൻ (Evil Twin): യഥാർത്ഥ വൈ-ഫൈ ആക്‌സസ് പോയിൻ്റിന് സമാനമായ വ്യാജ നെറ്റ്‌വർക്കുകൾ ഉണ്ടാക്കി ഹാക്കർമാർ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്തുന്നു. കണക്റ്റ് ചെയ്തുകഴിഞ്ഞാൽ, ബ്രൗസിങ് വിവരങ്ങൾ, പാസ്‌വേഡുകൾ, സെഷൻ കുക്കികൾ എന്നിവ മോഷ്ടിച്ച് ഇമെയിൽ, ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രവേശിക്കാൻ അവർക്ക് സാധിക്കും.
- പാക്കറ്റ് സ്നിഫിങ്: നെറ്റ്‌വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ ഹാക്കർമാർക്ക് ഈ രീതിയിലൂടെ പിടിച്ചെടുക്കാൻ കഴിയും.
- മാൽവെയർ ആക്രമണം: നിങ്ങളുടെ സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് വിദൂരമായി മാൽവെയർ കടത്തിവിടാനുള്ള സാധ്യതയുണ്ട്.
പൊതു വൈ-ഫൈയിൽ ലാപ്ടോപ്പ് സുരക്ഷിതമാക്കാൻ 6 വഴികൾ
സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്:
- വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുക: ഒരു VPN ഉപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ്പും ഇൻ്റർനെറ്റും തമ്മിലുള്ള ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുക. ഇത് സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കിൽ പോലും ഡാറ്റ ചോർത്തുന്നത് തടയും.
- HTTPS വെബ്‌സൈറ്റുകളിൽ മാത്രം ബ്രൗസ് ചെയ്യുക: വെബ് വിലാസത്തിന്റെ തുടക്കത്തിൽ
https://എന്നും ഒരു പാഡ്‌ലോക്ക് ചിഹ്നവും ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. ഇത് സെൻസിറ്റീവ് വിവരങ്ങൾ സംരക്ഷിക്കാൻ സഹായിക്കും. - ഓട്ടോ-കണക്റ്റും ഫയൽ ഷെയറിങ്ങും ഓഫ് ചെയ്യുക: ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷൻ, ബ്ലൂടൂത്ത് ഷെയറിങ്, നെറ്റ്‌വർക്ക് ഡിസ്കവറി എന്നിവ നിർജ്ജീവമാക്കുക. ഇത് അപരിചിതർ നിങ്ങളുടെ ഫയലുകൾ ആക്‌സസ് ചെയ്യുന്നത് തടയും.
- ഫയർവാൾ ഓണാക്കി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക: ഫയർവാളുകൾ അനധികൃത ആക്‌സസ് ശ്രമങ്ങൾ തടയുന്നു. സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നു.
- മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) പ്രവർത്തനക്ഷമമാക്കുക: പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടാലും, MFA ഉള്ളതിനാൽ ഹാക്കർമാർക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ കഴിയില്ല.
- ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക: പാസ്‌വേഡ് മാനേജറുകൾ ഉപയോഗിച്ച് സുരക്ഷിതമായ പാസ്‌വേഡുകൾ ഉണ്ടാക്കുക.
പൊതു വൈ-ഫൈയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ
ചില പ്രവർത്തനങ്ങൾക്ക് മൊബൈൽ ഡാറ്റയോ പേഴ്സണൽ ഹോട്ട്‌സ്പോട്ടോ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. പൊതു വൈ-ഫൈയിൽ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ:
- ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുക.
- രഹസ്യസ്വഭാവമുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യുക.
- സുരക്ഷിതമായ VPN ഇല്ലാതെ കോർപ്പറേറ്റ് നെറ്റ്വർക്കുകളിൽ പ്രവേശിക്കുക.
- മെഡിക്കൽ അല്ലെങ്കിൽ സാമ്പത്തിക പോർട്ടലുകൾ തുറക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

