ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ സ്‌നാപ്ചാറ്റിൽ ഇനി മുതൽ പണം നൽകണം

പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റ് തങ്ങളുടെ ‘മെമ്മറീസ്’ (Memories) ഫീച്ചറിന് ഇനി മുതൽ പണം ഈടാക്കാൻ തീരുമാനിച്ചു. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, ഉപയോക്താക്കൾക്ക് 5 GB (ജിഗാബൈറ്റ്) വരെയുള്ള ഫോട്ടോകളും വീഡിയോകളും മാത്രമേ സൗജന്യമായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. 5 GB-യിൽ കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർ അത് നിലനിർത്താൻ നിശ്ചിത തുക നൽകേണ്ടി വരും.

ഇതിനായി സ്നാപ്ചാറ്റ് പുതിയ മെമ്മറി സ്റ്റോറേജ് പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 100 GB, 256 GB, 5 TB (ടെറാബൈറ്റ്) എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് നിലവിൽ ലഭ്യമാവുക. നിരക്കുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി വ്യക്തത നൽകിയിട്ടില്ലെങ്കിലും, നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് 100 GB സ്റ്റോറേജിന് പ്രതിമാസം ഏകദേശം 1.99 യു.എസ് ഡോളർ (ഏകദേശം 165 രൂപ) ആകും വില.

256 GB-യുടെ വില പ്രതിമാസം 330 രൂപയായിരിക്കും. 5 GB-യിൽ കൂടുതൽ മെമ്മറിയുള്ള ഉപയോക്താക്കൾക്ക് 12 മാസത്തെ താൽക്കാലിക മെമ്മറി സ്റ്റോറേജ് സ്നാപ്ചാറ്റ് നൽകുന്നുണ്ട്. എന്നാൽ ഈ കാലയളവിനു ശേഷം ഉപയോക്താക്കൾ പ്ലാൻ അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ, മെമ്മറി ടാബിൽ നിന്ന് ഡാറ്റകൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. 900 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഈ മെസ്സേജിങ് പ്ലാറ്റ്ഫോമിന്റെ ഈ പുതിയ മാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply