ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തില്‍ പറയുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയത്. ആപ്പിളില്‍ നിന്ന് എത്ര പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ കുറിച്ചും ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോളതലത്തില്‍ സൈബര്‍ ആക്രമണത്തിന് ഇത്തരം ടൂളുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
‘നിങ്ങളുടെ ഫോണ്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ആരാണെന്നതോ?, നിങ്ങള്‍ ചെയ്യുന്നത് എന്താണ്? എന്നി കാരണങ്ങള്‍ നിങ്ങളെ പ്രത്യേകമായി ലക്ഷ്യം വെയ്ക്കാന്‍ ഇടയാക്കിയേക്കാം. ഇത് ഗൗരവമായി എടുക്കണം. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ ലിങ്കുകളിലും ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായോ അജ്ഞാതമായോ അയച്ചവരില്‍ നിന്നുള്ള ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത്. മുന്നറിയിപ്പ് അയയ്ക്കാന്‍ കാരണമായതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. കാരണം ഇത് ഹാക്കര്‍മാര്‍ക്ക് പഴുത് കണ്ടെത്താന്‍ വഴിയൊരുക്കും.’- ആപ്പിള്‍ സന്ദേശത്തില്‍ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

