മദ്യാപാനികളെ നിയന്ത്രിക്കാന്‍ ‘ഹൈടെക്’ പരിപാടിയുമായി ചൈന

മദ്യാസക്തി കുറയ്ക്കാൻ പുതിയ മാർഗവുമായി ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. വെറും അ‍ഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ  36 കാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്. ഏപ്രിൽ 12നാണ് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. 

അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പ് സഹായിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ മുൻ യുഎൻ ഇന്റർനാഷണൽ നാർകോട്ടിക്‌സ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് പറഞ്ഞു. ഒരു തവണ ശരീരത്തിൽ ഘടിപ്പിച്ചാൽ മദ്യാസക്തി കുറയ്ക്കുന്ന നാൽട്രക്‌സോൺ ഈ ചിപ്പ് പുറത്തുവിടും. അമിത മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ നാൽട്രക്‌സോൺ സഹായിക്കും.

15 വർഷമായി മദ്യത്തിനടിമയായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ 36കാരൻ. പ്രഭാത ഭക്ഷണത്തിന് മുൻപ് ദിനം പ്രതി ഒരു കുപ്പി മദ്യം അകത്താക്കുക പതിവായിരുന്നു. ബോധം നഷ്ടമാകുന്നതുവരെ മദ്യപിക്കുന്നതിന് പിന്നാലെ ഇയാൾ ആക്രമ സ്വഭാവവും കാണിച്ചിരുന്നു. മദ്യം ലഭിച്ചിരുന്നില്ലെങ്കിൽ ഉത്കണ്ഠ വളരെയധികം കൂടുമെന്നും ഇയാൾ പറഞ്ഞു. മദ്യാസക്തി നിർത്താൻ ഉപയോഗിക്കുന്ന മരുന്നാണ് നാൽട്രക്‌സോൺ.മസ്തിഷ്‌കത്തിലെ മദ്യാസക്തി ഉളവാക്കുന്ന ഭാഗങ്ങളുടെ പ്രവർത്തനം തടയുകയാണ് ഈ മരുന്ന് ചെയ്യുക.

മദ്യാസക്തിയെ തുടർന്നുള്ള മരണങ്ങളുടെ കണക്കെടുത്താൽ‌ 2018ൽ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം ചൈനയാണ്. ചൈനയിൽ ഏതാണ്ട് 6.50 ലക്ഷം പുരുഷന്മാരും 59,000 സ്ത്രീകളുമാണ് 2017ൽ മദ്യം അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്. ദ ലാൻസെറ്റ് മെഡിക്കൽ ജേണലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 45നും 59നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലാണ് മദ്യാസക്തി കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.  


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply