ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ് ഇന്ന് ചാന്ദ്രയാൻ 3. അർധരാത്രി 12 മണിക്ക് ശേഷമാണ് നിർണായകമായ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ. ജൂലൈ 14 ന് വിക്ഷേപണം നടന്നതിന് ശേഷം ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു ചാന്ദ്രയാൻ 3. ആദ്യം ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിലിൽ പരിക്രമണം നടത്തിയ പേടകം, പിന്നീട് ഘട്ടംഘട്ടമായി ഭൂമിയിൽ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. ജൂലൈ 15, 17,18, 20,25 തീയതികളിലായി അഞ്ച് തവണ ഭ്രമണപഥമുയർത്തി.
ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥമായിരുന്നു പാർക്കിങ് ഓർബിറ്റ്. ആദ്യ ഭ്രമണപഥമുയർത്തലിലൂടെ 173 കി മീ, 41,762 കി മീ പരിധിയുള്ള ഓർബിറ്റിലിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും ഓർബിറ്റ് റൈസിങ്ങിലൂടെ എത്തിയത് 1,27,603 കിലോ മീറ്റർ, 236 കിലോമീറ്റർ പരിധിയുള്ള ഭ്രമണപഥത്തിൽ. ഇവിടെ നിന്നാണ് ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്തുകടക്കുന്നത്.
ട്രാൻസ് ലൂണാർ ഇൻജെക്ഷൻ
പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, ലാൻഡറിനകത്ത് സ്ഥിതിചെയ്യുന്ന റോവർ എന്നിവയാണ് പേടകത്തിൽ ഉളളത്. ഈ മൂന്നും ചേർന്നതിനെ സംയോജിത മൊഡ്യൂൾ എന്നാണ് വിളിക്കുക. പ്രൊപ്പൽഷൻ മൊഡ്യൂളിലെ എൻജിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥമുയർത്തൽ നടത്തിയത്. കവണകൊണ്ട് കല്ലെറിയുന്നത് പോലെ ഇനി പേടകത്തെ ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്ന് പുറത്തെത്തിക്കുന്ന പ്രക്രിയയാണ് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ. തുടർന്ന് ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ ചന്ദ്രന് അടുത്തേക്ക് പേടകം നീങ്ങും. ഈ സഞ്ചാരത്തിനിടെയാണ് ചന്ദ്രന്റെ ആകർഷണ വലയത്തിൽ പേടകം എത്തുക.
ടിഎൽഐയ്ക്ക് ശേഷം
ചൊവ്വാഴ്ച അർധരാത്രിക്കും പുലർച്ചെ ഒരുമണിക്കുമിടയിലാണ് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ. ഇതും പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രവർത്തനത്താലാണ് സാധ്യമാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ സഞ്ചാരം തുടങ്ങും. ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ പിന്നീട് നടക്കും. ഓഗസ്റ്റ് 17 ന്, ചന്ദ്രന് 100 കിലോമീറ്റർ ദൂരെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കവെ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടും. ഇതോടെ ലാൻഡർ ലാൻഡിങ്ങിന് തയ്യാറാണ്. ഓഗസ്റ്റ് 23 വൈകുന്നേരം 5.47 നാണ് നിലവിൽ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

