ഇന്ത്യയിലെ ഐഫോൺ ഫാക്ടറികളിൽ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയർമാരെയും ടെക്നീഷ്യൻമാരെയും ഫോക്സ്‌കോൺ ഗ്രൂപ്പ് തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ മാസം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിൻറെ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.
രണ്ട് മാസം മുമ്പ് മുതലാണ് ദക്ഷിണേന്ത്യയിലെ ഐഫോൺ അസംബിളിംഗ് യൂണിറ്റുകളിൽ നിന്ന് ചൈനീസ് ജീവനക്കാരെ ഫോക്സ്‌കോൺ നാട്ടിലേക്ക് മടക്കിയയച്ച് തുടങ്ങിയത്. ഇവരിൽ എഞ്ചിനീയർമാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്നു. മുന്നൂറിലധികം ചൈനീസ് ജീവനക്കാർ ഇതോടെ ഇന്ത്യ വിട്ടതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം തായ്വാനിൽ നിന്നുള്ള ഒട്ടുമിക്ക സാങ്കേതിക പ്രവർത്തകരും ഇന്ത്യയിൽ തുടരുന്നതായും ബ്ലൂംബെർഗിൻറെ വാർത്തയിലുണ്ട്. ചൈനീസ് സാങ്കേതിക വിദഗ്ധരെ എന്തുകൊണ്ടാണ് ഫോക്സ്‌കോൺ ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഐഫോൺ അസംബിളിംഗ് യൂണിറ്റുകളിൽ ഫോക്സ്‌കോണിൻറെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നവരിൽ പ്രധാനികളാണ് ചൈനീസ് മാനേജർമാർ.
ചൈനീസ് ജീവനക്കാരെ മടക്കിവിളിച്ച ഫോക്സ്‌കോണിൻറെ നീക്കം ആപ്പിളിന് തിരിച്ചടിയാവും എന്ന് വിലയിരുത്തലുകളുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിൻറെ ഉൽപാദനം ഇന്ത്യയിൽ വർധിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമുണ്ടായത്. ഇന്ത്യയിലെ ഐഫോൺ ഉത്പാദനം വർധിപ്പിക്കാൻ ഫോക്സ്‌കോൺ പുതിയൊരു യൂണിറ്റ് കൂടി തമിഴ്നാട്ടിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി അടുത്തിടെ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ അസംബിൾ ചെയ്തിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഐഫോൺ ഉത്പാദനത്തിൽ 60 ശതമാനം വർധനവുണ്ടായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

