എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് തലവൻ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണിത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി തേടുന്നുണ്ട്.
‘എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്. അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്.
ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ സഹായിക്കാനും സാധിക്കുന്ന എഐ സംവിധാനങ്ങളാണ് ഇപ്പോൾ കമ്പനി വികസിപ്പിക്കുന്നത്. ഈ ദൗത്യത്തിലാണ് തങ്ങളുടെ എഐ ഗവേഷകരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘമെന്നാണ് എക്‌സ് എഐ പറയുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ, ബാലോ ആള്‍ടോ എന്നിവിടങ്ങളിലേക്കും ലണ്ടനിലേക്കുമാണ് എക്‌സ്എഐ നിലവിൽ നിയമനങ്ങള്‍ നടത്തുക. എഐ ട്യൂട്ടര്‍മാരേയും എക്‌സ്എഐയ്ക്ക് കമ്പനിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഓഫിസിലെത്തി ജോലി ചെയ്യാൻ താത്പര്യമുള്ളവരെയാണ് കമ്പനിക്ക് ആവശ്യം. എന്നാല്‍ മികച്ച കഴിവുകളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് റിമോട്ട് വര്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മെഡിക്കല്‍, ഡെറ്റല്‍, വിഷന്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉൾപ്പെടെയുള്ള ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ് എഐയ്ക്കായി 300 കോടി മുതല്‍ 400 കോടി ഡോളര്‍ വരെ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനിയും എലോണ്‍ മസ്‌കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എക്സ് നിരവധി അപ്ഡേഷൻസുമായി ഇപ്പോൾ സജീവമാണ്. ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള ശ്രമത്തിലാണ് എക്സെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യം കമ്പനി ഒരുക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

