ഒന്നര വർഷത്തിന് ശേഷം തിയറ്ററുകളിൽ എത്തിയ സുരേഷ് ഗോപി ചിത്രമാണ് ജെഎസ്‌കെ (ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള). സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മകൻറെ അഭിനയത്തെ വിലയിരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിൽ മാധവ് അഭിനയിച്ച ഒരു രംഗം മാത്രമാണ് തനിക്ക് ഇഷ്ടപ്പെടാതെ പോയതെന്ന് സുരേഷ് ഗോപി പറയുന്നു. റേഡിയോ മാംഗോ നടത്തിയ ഫാൻഫെസ്റ്റിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ഗോകുലിൻറെയും മാധവിൻറെയും ഓഫ് സ്‌ക്രീൻ പ്രതികരണങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് തൻറെ രണ്ട് മുൻ കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് സുരേഷ് ഗോപിയുടെ മറുപടി. ”ഗോകുൽ എന്നത് ഡെന്നിസിൻറെ (സമ്മർ ഇൻ ബദ്‌ലഹേം) ഒരു മെച്ചപ്പെട്ട പതിപ്പ് ആണ്. എന്നാൽ മാധവ് എന്നത് നന്ദഗോപൻറെ (പത്രം) ഒരു കടുപ്പമുള്ള വെർഷനും ആണ്”, സുരേഷ് ഗോപി പറഞ്ഞു.
ജെഎസ്‌കെയിൽ മാധവ് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ- ”ശരിക്കും പറഞ്ഞാൽ ഡബ്ബിംഗിന് കണ്ടപ്പോൾ എനിക്ക് അത്ര തൃപ്തി അല്ലായിരുന്നു. പക്ഷേ സിനിമ തിയറ്ററിൽ കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ട് മാത്രമേയുള്ളൂ അവൻ കണ്ണ് വല്ലാതെ ഉപയോഗിച്ചതുപോലെ തോന്നിയത്. എനിക്ക് തോന്നുന്നു, അത് ആദ്യം എടുത്തതാണ്. അപ്പോൾ ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി എന്ന ഡയലോഗ് പറയുമ്പോൾ കണ്ണ് വലുതായി ഇരിക്കുന്നുണ്ട്. അത് മാത്രമേയുള്ളൂ എനിക്ക് വല്ലാതെ തോന്നിയത്”, സുരേഷ് ഗോപി പറഞ്ഞു.

