ഡൽഹിയിലെ തെരുവുനായകളെ പൂർണമായും പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനായി മൂന്നംഗ ബെഞ്ചിന് വിട്ടു. വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.
രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരങ്ങടിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയത്.
ഡൽഹിയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാർത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ രണ്ടംഗ ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാൽ കർശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു.

