അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളം രണ്ടാം തോൽവി ഏറ്റുവാങ്ങി. നാല് വിക്കറ്റിനാണ് പഞ്ചാബ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.2 ഓവറിൽ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി അനന്യ കെ. പ്രദീപ്, ക്യാപ്റ്റൻ നജ്ല സി.എം.സി. എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓപ്പണർമാരായ വൈഷ്ണ എം.പി. ഒൻപതും ശ്രദ്ധ സുമേഷ് 11 ഉം റൺസെടുത്ത് പെട്ടെന്ന് പുറത്തായി. തുടർന്ന് മൂന്നാം വിക്കറ്റിൽ അനന്യയും നജ്ലയും ചേർന്ന കൂട്ടുകെട്ട് 53 റൺസ് നേടി കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. നജ്ല 28 റൺസെടുത്ത് പുറത്തായപ്പോൾ, അനന്യ 24 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. ശീതൾ വി.ജെ. പത്ത് റൺസ് നേടി. പഞ്ചാബിനുവേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. അവ്നീത് കൗർ 39 റൺസും ഹർസിമ്രൻജിത് 27 റൺസും നേടി. എന്നാൽ മധ്യ ഓവറുകളിൽ ക്യാപ്റ്റൻ നജ്ല മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളം ശക്തമായ തിരിച്ചുവരവ് നടത്തി. മത്സരം അവസാന ഓവർ വരെ നീണ്ടെങ്കിലും, ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ പഞ്ചാബ് വിജയലക്ഷ്യം മറികടന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

