ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഇന്ന് മുതൽ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ. വിൻഡീസിനെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനു പരാജയപ്പെടുത്തി ഇന്ത്യ അനായാസ വിജയം പിടിച്ചിരുന്നു. പരമ്പരയിൽ 1-0ത്തിനു മുന്നിലുള്ള ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നോട്ടു കയറാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 9.30 മുതലാണ് പോരാട്ടം ആരംഭിക്കുന്നത്
തുടക്കത്തിൽ ബാറ്റിങിനും അവസാന ദിവസങ്ങളിൽ സ്പിന്നിനെ അനുകൂലിക്കുന്നതുമാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ച്. ഇന്ത്യ ബാറ്റിങിലും ബൗളിങിലും കരുത്തരായി നിൽക്കുമ്പോൾ രണ്ടാം ടെസ്റ്റിൽ എത്രത്തോളം ചെറുത്തു നിൽപ്പ് സാധ്യമാകുമെന്ന കണക്കുകൂട്ടലായിരിക്കും കരീബിയൻ സംഘത്തിന്.
ആദ്യ ടെസ്റ്റിലെ ഫോം തുടരാനാണ് ഗില്ലും സംഘവും ഇറങ്ങുന്നത്. രണ്ടിന്നിങ്സിലുമായി 90 ഓവർ തികച്ചു ബാറ്റ് ചെയ്യാൻ പോലും വിൻഡീസിനെ അനുവദിക്കാതെയാണ് ഇന്ത്യൻ ബൗളർമാർ ആദ്യ ടെസ്റ്റിൽ പന്തെറിഞ്ഞത്. ബാറ്റിങിൽ കെഎൽ രാഹുൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവർ സെഞ്ച്വറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയും നേടി ഇന്ത്യക്ക് മികച്ച ടോട്ടലും സമ്മാനിച്ചിരുന്നു.
ആദ്യ ടെസ്റ്റിൽ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയേക്കും. ടോപ് ഓർഡർ ബാറ്റർ സായ് സുദർശന് ഈ മത്സരം നിർണായകമാണ്. ആദ്യ ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട തമിഴ്നാട് താരത്തിനു ഇന്ന് ബാറ്റിങിൽ മികവ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിലെ സ്ഥാനം പരുങ്ങലിലാകും. മലയാളി താരം ദേവ്ദത്ത് പടിക്കൽ അവസരം കാത്ത് ബഞ്ചിലിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. താരം മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.
ബൗളർമാർ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. അങ്ങനെ തീരുമാനിച്ചാൽ പ്രസിദ്ധ് കൃഷ്ണയ്ക്കു അവസരം കിട്ടും. രവീന്ദ്ര ജഡേജ, നിധീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നീ മൂന്ന് ഓൾ റൗണ്ടർമാരുടെ സാന്നിധ്യമാണ് ഇന്ത്യയുടെ മറ്റൊരു അധിക കരുത്ത്. അക്ഷർ പട്ടേൽ അടക്കമുള്ളവർ അവസരത്തിനായി ബഞ്ചിലുമുണ്ട്.
പരിചയസമ്പത്തിലാത്ത സംഘമാണ് വിൻഡീസിനു. പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതിനിടെയാണ് വിൻഡീസ് ഇന്ത്യയിലെത്തിയത്. നിലവിലെ ഇന്ത്യൻ ടീമിനെതിരെ സമനില പിടിക്കാൻ പോലും സാധിച്ചാൽ അവർക്ക് നേട്ടമാണ്.
ക്യാപ്റ്റൻ റോസ്റ്റൻ ചെയ്സ്, ഷായ് ഹോപ്, അലിക് ആഥൻസ്, ജോൺ കാംബെൽ എന്നിവരുടെ ബാറ്റിങ് ഫോമാണ് അവരുടെ ഗതി നിർണയിക്കുക. ബൗളിങിൽ ജോമൽ വാറിക്കൻ, ജെയ്ഡൻ സീൽസ് എന്നിവർ മികവോടെ പന്തെറിഞ്ഞാൽ ഇന്ത്യയെ തളയ്ക്കാമെന്ന പ്രതീക്ഷയും അവർ പുലർത്തുന്നു.
ഡൽഹി പിച്ചിൽ ഇന്ത്യ 1987നു ശേഷം ഒരു ടെസ്റ്റും തോറ്റിട്ടില്ല. ഇവിടെ കളിച്ച 24 ടെസ്റ്റുകളിൽ 12 ജയവും അത്ര തന്നെ സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ആദ്യ മൂന്ന് ദിവസം ബാറ്റർമാരെ കൈയയച്ചു സഹായിക്കുന്ന പിച്ച് അവസാന രണ്ട് ദിനങ്ങളിൽ സ്പിന്നർമാർക്ക് അനുകൂലമായിരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

