ദക്ഷിണാഫ്രിക്കക്കെതിരായ നാണംകെട്ട തോൽവി: ആരാധകരോട് മാപ്പുപറഞ്ഞ് റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടതിന് പിന്നാലെ ആരാധകരോട് മാപ്പുപറഞ്ഞ് ഇന്ത്യൻ ടീമിന്റെ താൽക്കാലിക ക്യാപ്റ്റൻ റിഷഭ് പന്ത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനാലാണ് രണ്ടാം ടെസ്റ്റിൽ റിഷഭ് പന്ത് ഇന്ത്യയെ നയിച്ചത്. ഈ മത്സരത്തിൽ 408 റൺസിന്റെ വൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്, ഇത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പന്ത് തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരോട് ക്ഷമ ചോദിച്ചത്. പരമ്പരയിലെ നാല് ഇന്നിംഗ്സുകളിൽ നിന്നായി 12.25 ശരാശരിയിൽ 49 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്.

റിഷഭ് പന്തിന്റെ കുറിപ്പ്:

“കഴിഞ്ഞ രണ്ടാഴ്ച ഞങ്ങൾ മികച്ച ക്രിക്കറ്റ് അല്ല കളിച്ചതെന്ന് തുറന്നു പറയാൻ ഒരു മടിയും ഇല്ല. ഒരു ടീം എന്ന നിലയിലും വ്യക്തിഗതമായും, ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെക്കാനും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താനുമാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.

ഇത്തവണ പക്ഷേ ഞങ്ങൾക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഒരു ടീം എന്ന നിലയിലും വ്യക്തിഗതമായും പഠിക്കാനും പൊരുത്തപ്പെടാനും വളരാനും കായികം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഈ ടീമിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാം. കൂടുതൽ ശക്തമായും മികച്ച നിലയിലും തിരിച്ചുവരാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്കും സ്നേഹത്തിനും നന്ദി,” റിഷഭ് പന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply