ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാന വിവാഹിതയാകുന്നതായി റിപ്പോർട്ട്. സ്മൃതി മന്ദാന ഇൻഡോറിന്റെ മരുമകളായി മാറുമെന്ന് സംഗീത സംവിധായകൻ പലാഷ് മുച്ചൽ സ്ഥിരീകരിച്ചു. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് പലാഷ് മുച്ചൽ വിവാഹക്കാര്യം സ്ഥിരീകരിച്ചത്.
പ്രസ് ക്ളബിൽ നടന്ന പരിപാടിക്കിടെയാണ് പലാഷ് വിവാഹവാർത്തയിൽ പ്രതികരിച്ചത്. പലാഷ് ഇൻഡോർ സ്വദേശിയാണ്. ‘അവൾ താമസിയാതെ ഇൻഡോറിന്റെ മരുമകളാകും. അതുമാത്രമാണ് എനിക്കിപ്പോൾ പറയാനുള്ളത്’- എന്നായിരുന്നു ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പുഞ്ചിരിയോടെ പലാഷ് നൽകിയ പ്രതികരണം.
ആദ്യമായാണ് ഇവരിലൊരാൾ വിവാഹവാർത്തയിൽ പരസ്യമായി പ്രതികരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവാർത്തകളിൽ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ധാന ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ഇൻഡോറിലാണ്. സെമിഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് ഒരു വിജയം അനിവാര്യമായതിനാൽ മത്സരം പ്രധാനമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതിനകം തന്നെ അവരുടെ സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടുണ്ട്.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന വനിതാ ലോകകപ്പ് ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനും പലാഷ് ആശംസകൾ നേർന്നു. ‘ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും തന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമായി മാറണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

