അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ, നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയിലഴ്‌സിനെ നാല് വിക്കറ്റിന് തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വിജയം സ്വന്തമാക്കി. അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ മുഹമ്മദ് ആഷിക് സിക്‌സറടിച്ച് കൊച്ചിയെ വിജയത്തിലെത്തിക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി കെ.സി.എൽ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ വെറും 51 പന്തിൽ 121 റൺസ് അടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ 14 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടുന്നു.
കൊല്ലം സെയിലേഴ്‌സ് ഉയർത്തിയ 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊച്ചിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ കളിച്ച സഞ്ജുവിനെ ഓപ്പണറായി ഇറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം നിർണായകമായി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു, കൊല്ലം ബോളർമാരെ നിലം തൊടാൻ അനുവദിച്ചില്ല. ആദ്യ ആറ് ഓവറിൽത്തന്നെ കൊച്ചി 100 റൺസ് കടന്നു. 64 റൺസെടുത്ത് നിൽക്കെ ഓപ്പണർ വിനൂപ് മനോഹർ (11) പുറത്തായെങ്കിലും, സഞ്ജു-മുഹമ്മദ് ഷാനു കൂട്ടുകെട്ട് സ്‌കോർ അതിവേഗം ഉയർത്തി. ഷാനു 39 റൺസെടുത്ത് പുറത്തായപ്പോൾ, പിന്നീട് വന്ന മുഹമ്മദ് ആഷിക് 18 പന്തിൽ 45 റൺസടിച്ച് ഫിനിഷറുടെ റോൾ ഭംഗിയായി പൂർത്തിയാക്കി.
നേരത്തെ ആദ്യം ബാറ്റുചെയ്ത കൊല്ലം സെയിലേഴ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് നേടിയത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ (44 പന്തിൽ 91), വിഷ്ണു വിനോദിന്റെ (41 പന്തിൽ 94) തകർപ്പൻ ബാറ്റിംഗാണ് അവർക്ക് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിക്കൊടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

