ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള ഈ മാസം 21 മുതൽ 28 വരെ തിരുവനന്തപുരത്തെ 12 വേദികളിലായി നടക്കും. അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിലുമായി ഏകദേശം 20,000 കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. ഗെയിംസ്, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലായി 39 വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ഇത്തവണത്തെ സ്‌കൂൾ ഒളിംപിക്‌സിന്റെ ബ്രാൻഡ് അംബാസഡർ. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള 12 സ്റ്റേഡിയങ്ങളിൽ രാപകലില്ലാതെ മത്സരങ്ങൾ അരങ്ങേറും. പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജർമൻ ഹാങർ പന്തൽ ഉപയോഗിച്ച് താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിച്ച് 12-ഓളം കായിക ഇനങ്ങൾ ഒരേസമയം നടത്താൻ സൗകര്യമൊരുക്കും.
മേളയുടെ മുന്നോടിയായി ഒരാഴ്ച മുൻപ് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി കായിക പ്രതിഭകളുടെ മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങൾ അണിനിരക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഉണ്ടാകും. മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന രീതിയിലാണ് ദീപശിഖാ പ്രയാണം ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് പാസ്റ്റിൽ 4500 പേർ പങ്കെടുക്കും. കായിക താരങ്ങൾക്കുള്ള ഭക്ഷണശാലയും പ്രധാന അടുക്കളയും തൈക്കാട് മൈതാനത്ത് സജ്ജീകരിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇൻക്ലൂസീവ് സ്‌പോർട്‌സ് ഇത്തവണത്തെ പ്രത്യേകതയാണ്. കൂടാതെ, സംസ്ഥാന സിലബസിൽ യുഎഇയിലെ ഏഴ് സ്‌കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. തങ്കു എന്ന് പേരിട്ട മുയലാണ് ഈ വർഷത്തെ സ്‌കൂൾ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

