വമ്പൻ ജയത്തോടെ പരമ്പര ഇന്ത്യക്ക്; 135 റണ്‍സിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര സ്വന്തമാക്കിയത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ട്വന്റി 20 പരമ്പര ഇന്ത്യക്ക്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തേയും അവസാനത്തേയും മത്സരത്തില്‍ 135 റണ്‍സിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര സ്വന്തമാക്കിയത്. ഓപ്പണര്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ്മ എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായതോടെ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 283-1 (20) | ദക്ഷിണാഫ്രിക്ക 148-10 (18.2).
284 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ വെറും പത്ത് റണ്‍സ് മാത്രം നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. റയാന്‍ റിക്കിള്‍ട്ടണ്‍ 1(6), റീസ ഹെന്‍ഡ്രിക്‌സ് 0(2), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 8(8), ഹെയ്ന്റിച്ച് ക്ലാസന്‍ 0(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പട്ടെത്. ആറ് ഓവറുകളുടെ പവര്‍പ്ലേ പിന്നിട്ടപ്പോള്‍ 30ന് നാല് എന്ന നിലയിലായിരുന്നു സ്‌കോര്‍.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ 36(27), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 43(29) സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഇന്ത്യയുടെ സ്‌കോറിനടുത്ത് എത്തുന്ന തരത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ തുടക്കത്തിലെ തകര്‍ച്ച ദക്ഷിണാഫ്രിക്കയെ അനുവദിച്ചില്ല. അടുത്തടുത്ത പന്തുകളില്‍ മില്ലറെ വരുണ്‍ ചക്രവര്‍ത്തിയും സ്റ്റബ്‌സിനെ രവി ബിഷ്‌ണോയിയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 12.1 ഓവരില്‍ 96ന് ആറ് എന്ന നിലയിലേക്ക് വീണു.
പിന്നീട് എല്ലാം വെറും ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. ആന്‍ഡിലെ സിമിലാന്‍ 2(5), ജെറാഡ് കോട്‌സിയ 12(8), കേശവ് മഹാരാജ് 6(8), ലൂതോ സിപംല 3(4), മാര്‍ക്കോ യാന്‍സന്‍ പുറത്താകാതെ 29*(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസണ്‍ 109*(51), തിലക് വര്‍മ്മ 120*(47) സഖ്യം നടത്തിയത്. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 85 പന്തുകളില്‍ നിന്ന് 210 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. അഭിഷേക് ശര്‍മ്മ 36(18)യുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.