51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പാരിതോഷികങ്ങൾ. ചാംപ്യൻമാരായ ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാർഡ് തുക പ്രഖ്യാപിച്ചത്.

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യൻ ടീമിന് 39.78 കോടിയുടെ (4.48 മില്യൺ യുഎസ് ഡോളർ) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നൽകിയത്.

വിജയികളായ ഇന്ത്യൻ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂർണമെന്റിന് നൽകിയ സമ്മാനത്തുകയേക്കാൾ 297 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നൽകാൻ ഐസിസി തീരുമാനിച്ചതോടെയാണ് വൻ വർധനയുണ്ടായത്.

ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലിൽ തോറ്റ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റൺസ് തോൽവി വഴങ്ങിയെങ്കിലും ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply