വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 331 റൺസ് വിജയലക്ഷ്യം 49 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 107 പന്തിൽ നിന്ന് 142 റൺസ് നേടിയ ക്യാപ്റ്റൻ അലീസ ഹീലിയുടെ പ്രകടനമാണ് ഓസീസിന്റെ വിജയത്തിൽ നിർണായകമായത്. എല്ലിസ് പെറി (പുറത്താവാതെ 47), ആഷ്ലി ഗാർഡ്നർ (45), ഫോബ് ലിച്ച്ഫീൽഡ് (40) എന്നിവരും മികച്ച പിന്തുണ നൽകി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാന (80), പ്രതിക റാവൽ (75) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തിൽ 48.5 ഓവറിൽ ഇന്ത്യ 330 റൺസിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയക്കായി അന്നബെൽ സതർലാൻഡ് അഞ്ച് വിക്കറ്റും സോഫി മൊളിനെക്‌സ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ഓപ്പണിംഗ് വിക്കറ്റിൽ ഹീലി-ലിച്ച്ഫീൽഡ് സഖ്യം 85 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന് മികച്ച തുടക്കം നൽകി. 12-ാം ഓവറിൽ ശ്രീ ചരണി ലിച്ച്ഫീൽഡിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. ഹീലിയെ പിന്തുണച്ച് ക്രീസിലെത്തിയ പെറി പിന്നീട് പരിക്കേറ്റ് പിൻവാങ്ങി. ഇതിനിടെ ഹീലിയുടെ വീരോചിതമായ ഇന്നിംഗ്സിനും (മൂന്ന് സിക്‌സും 21 ഫോറും) തിരശ്ശീല വീണു. ഹീലി മടങ്ങിയ ശേഷം ഗാർഡ്നറും തിരികെയെത്തിയ പെറിയും (പുറത്താവാതെ 47) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇന്ത്യൻ ഇന്നിംഗ്സിൽ സ്മൃതി-പ്രതിക കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്ത് ഗംഭീര തുടക്കമാണ് നൽകിയത്. സ്മൃതി മന്ദാന (മൂന്ന് സിക്‌സും ഒമ്പത് ഫോറും) ആക്രമിച്ചു കളിച്ചപ്പോൾ പ്രതിക (ഒരു സിക്‌സും 10 ഫോറും) ശ്രദ്ധയോടെ കളിച്ചു. 25-ാം ഓവറിൽ സ്മൃതിയെ മൊളിനെക്‌സ് പുറത്താക്കി. തുടർന്ന് ഹർലീൻ ഡിയോൾ (38) പ്രതികയ്ക്ക് പിന്തുണ നൽകി. 31-ാം ഓവറിൽ പ്രതിക മടങ്ങി. തുടർന്നെത്തിയ ഹർമൻപ്രീത് കൗർ (22), ഹർലീൻ ഡിയോൾ എന്നിവർ വേഗത്തിൽ പുറത്തായതോടെ ഇന്ത്യ 37.2 ഓവറിൽ 240/4 എന്ന നിലയിലായി. തുടർന്ന് റിച്ച ഘോഷും (32) ജെമീമ റോഡ്രിഗസും (33) ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. പിന്നീടുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് 330 റൺസിൽ അവസാനിച്ചു. മുൻ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തോറ്റ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കളിച്ചത്. ഓസ്‌ട്രേലിയ വാറെഹാമിന് പകരം സോഫി മൊളിനെക്‌സിനെ ഉൾപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

