:ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഓപ്പണറായി നിലനിര്‍ത്തിയ രോഹിത് ശര്‍മ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്‍റെ അവസാന നാളുകളിലാണുള്ളതെന്നും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുകയോ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്യുമെന്നാണ് ബിസിസിഐ കരുതുന്നതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
രോഹിത്തിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന സന്ദേശം വ്യക്തമാണെന്നും ഒന്നുകില്‍ മികവ് കാട്ടുക അല്ലെങ്കില്‍ പുറത്തുപോവുക എന്നാണ് സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പെ ഗില്ലിന്‍റെ സ്ഥാനാരോഹണം സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പദ്ധതി തയാറാക്കിയിരുന്നുവെന്നും ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ അവര്‍ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചുവെന്നും ഒടുവില്‍ ബിസിസിഐ ഉന്നതരും ഇക്കാര്യം അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം രോഹിത്തിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2027ലെ ഏകദിന ലോകകപ്പ് സമയത്ത് 39 വയസാകുന്ന വിരാട് കോലിയും സെലക്ടര്‍മാരുടെ പ്ലാനിലുള്ള താരമല്ലെന്നും ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചതിനാല്‍ ഏകദിനത്തില്‍ മാത്രം തിളങ്ങുക ഇരുവര്‍ക്കും ബുദ്ധിമുട്ടാവുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

