ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം വരുത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരപയിലെ അവസാന മത്സരത്തിനുള്ള ടീമില്‍ കളിക്കുമെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി ഇന്നലെ പുറത്തിറക്കിയ പുതിയ സ്ക്വാഡില്‍ ജസ്പ്രീത് ബുമ്രയുടെ പേരില്ല. ഇതോടെ ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കും പരിശോധനകള്‍ക്കുമായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുമ്ര ഇപ്പോഴുള്ളത്. ഇവിടുത്തെ മെഡിക്കല്‍ വിദഗ്ദര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ബുമ്രക്ക് അഞ്ചാഴ്ച വിശ്രമം ആയിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബുമ്രയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ പ്രാഥമിക സ്ക്വാഡിലും ഉള്‍പ്പെടുത്തിയത്. ഈ മാസം 12വരെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. ഇതിനുശേഷം മാറ്റം വരുത്തണമെങ്കില്‍ ഐസിസിയുടെ പ്രത്യേക അനുമതി ആവശ്യമായി വരും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും വിട്ടു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബുമ്രക്ക് ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനാകുമോ എന്ന കാര്യം സശയമാണ്.

മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ജസ്പ്രീത് ബുമ്രയും കളിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതോടെ വരുണ്‍ ചക്രവര്‍ത്തി ചാമ്പ്യൻസ് ട്രോഫി ടീമിലും ഇടം നേടാനുള്ള സാധ്യതയേറി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത് , ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദര്‍, അർഷ്ദീപ് സിംഗ്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുൺ ചക്രവർത്തി.

Leave a Reply

Your email address will not be published. Required fields are marked *