കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ സൂപ്പര്‍ കപ്പ് 2025 പോരാട്ടം തുടരുന്നു. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഡി-യിലെ രണ്ടാം മത്സരത്തില്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയാണ് എതിരാളികള്‍. ബാംബോളിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം. മത്സരങ്ങളില്‍ നിന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം രാജസ്ഥാന്‍ യുണൈറ്റഡിനെതിരെ 1-0 ന്റെ മികച്ച വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പ് യാത്ര തുടങ്ങിയത്. ടീമിന്റെ ആത്മവിശ്വാസവും കളിക്കളത്തിലെ മികവും തെളിയിച്ച മത്സരമായിരുന്നു അത്. അതേസമയം, ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിയോട് 4-1 ന് പരാജയപ്പെട്ട സ്പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹി, ഈ മത്സരത്തില്‍ ശക്തമായ പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നുറപ്പാണ്.
ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല
‘രാജസ്ഥാനെതിരായ ആ ജയം പ്രധാനമാണ്, പക്ഷേ ഇത് തുടക്കം മാത്രമാണ്. ഞങ്ങള്‍ നന്നായിത്തന്നെ തുടങ്ങി, ഇനി ഈ ഊര്‍ജ്ജവും ശ്രദ്ധയും വരും കളികളില്‍ നിലനിര്‍ത്തണം. ഈ കളി ജയിക്കാനുള്ള ആത്മവിശ്വാസം കളിക്കാര്‍ക്കുണ്ട്. സ്പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹി ചെറുപ്പക്കാരുടെ, മിടുക്കുള്ള ടീമാണ്, ആദ്യ കളി അവര്‍ തോറ്റതിനാല്‍ കൂടുതല്‍ ശക്തിയോടെ പോരാടാന്‍ വരും, അതുകൊണ്ട് നമ്മള്‍ ശ്രദ്ധിച്ചു കളിക്കണം, അവരെ കൃത്യമായി മനസ്സിലാക്കി നമ്മുടെ കളി അവരില്‍ അടിച്ചേല്‍പ്പിക്കുകയും വേണം.’
അടുത്തിടെ ഹൈദരാബാദ് എഫ്‌സിയില്‍ നിന്ന് പേര് മാറ്റി ഡല്‍ഹിയിലേക്ക് കൂടുമാറിയ സ്പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹി, പരിശീലകന്‍ തോമസ് ടോര്‍സിന്റെ കീഴില്‍ ഒത്തിണക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുംബൈ സിറ്റിയോടുള്ള തോല്‍വി ചില കുറവുകള്‍ കാണിച്ചെങ്കിലും, ആന്ദ്രേ ആല്‍ബ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി അവരുടെ ആക്രമണ സാധ്യതകള്‍ തെളിയിച്ചു. കോള്‍ഡോ ഒബിയെറ്റ നേടിയ ഗോളും അതിന് ഹുവാന്‍ റോഡ്രിഗസ് നല്‍കിയ മികച്ച അസിസ്റ്റും ചേര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സിന് രാജസ്ഥാന് എതിരെ വിജയമൊരുക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ പുതിയ സ്‌ട്രൈക്കര്‍ ഗോള്‍ നേടിയത് ടീമിന്റെ ആക്രമണ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

