കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് തകർപ്പൻ ജയമാണ് കുറിച്ചത്. ഹൈദരാബാദിന് അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ നിർണായക നിമിഷത്തിൽ സന്ദീപ് സിങ് ഒരു നോബോൾ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോൾ അബ്ദുസ്സമദ് സിക്‌സർ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.മത്സരത്തിന് ശേഷം ഏറെ നിരാശയിലായിരുന്നു രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. കയ്യിലുണ്ടായിരുന്ന കളി കൈവിട്ടുപോയതിൻറെ ദുഖം സഞ്ജുവിൻറെ വാക്കുകളിൽ കാണാമായിരുന്നു. സന്ദീപ് സിങ്ങിൽ ഏറെ വിശ്വാസമുണ്ടായിരുന്നു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് പന്തേൽപ്പിച്ചത് എന്നും സഞ്ജു പറഞ്ഞു.
”എനിക്ക് സന്ദീപിൽ വിശ്വാസമുണ്ടായിരുന്നു. സമാനമായൊരു സാഹചര്യത്തിൽ ചെന്നൈക്കെതിരെ അദ്ദേഹം ഞങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം നന്നായി തന്നെ പന്തെറിഞ്ഞു. പക്ഷെ ആ നോബോൾ എല്ലാം നശിപ്പിച്ചു”- സഞ്ജു പറഞ്ഞു. സന്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ഹൈദരാബാദിന് 17 റൺസ് വേണമായിരുന്നു. അവസാന പന്തിലേക്കെത്തുമ്പോൾ അത് അഞ്ചായി ചുരുങ്ങി. അവസാന പന്ത് ഒരു ക്യാച്ചിൽ കലാശിച്ചതും രാജസ്ഥാൻ താരങ്ങളും ആരാധകരും ആഘോഷമാരംഭിച്ചു. എന്നാൽ അമ്പയർ നോബോൾ വിളിച്ചതും ജയ്പൂർ സ്റ്റേഡിയം നിശബ്ദമായി. ഫ്രീഹിറ്റ് ബോൾ അതിർത്തിക്ക് മുകളിലൂടെ പറത്തി അബ്ദുസ്സമദ് രാജസ്ഥാൻറെ കയ്യിൽ നിന്ന് വിജയം തട്ടിപ്പറിച്ചു. ഹൈദരാബാദ് ഇന്നിങ്‌സിൻറെ അവസാന രണ്ടോവറുകളാണ് മത്സരത്തിൽ ഏറെ നിർണായകമായത്. കുൽദീപ് യാദവ് എറിഞ്ഞ 19 ാം ഓവറിൽ ഗ്ലെൻ ഫിലിപ്‌സ് തുടർച്ചയായി മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. അഞ്ചാം പന്തിൽ ഫിലിപ്‌സ് മടങ്ങി. എന്നാൽ പിന്നീട് ക്രീസിലെത്തിയ മാർകോ ജാൻസണെ കൂട്ടുപിടിച്ച് അബ്ദുസ്സമദ് ടീമിനെ വിജയതീരമണക്കുകയായിരുന്നു. ഹൈദരാബാദിനായി അഭിഷേക് ശർമ അർധസെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലിൽ ജയ്പൂർ സ്റ്റേഡിയത്തിൽ പിറവിയെടുക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറും ഏറ്റവും ഉയർന്ന റൺ ചേസിങ്ങുമാണിത്. തോൽവിയോടെ രാജസ്ഥാൻറെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസണും ഓപ്പണർ ജോസ് ബട്‌ലറും കത്തിക്കയറിയപ്പോൾ രാജസ്ഥാൻ കൂറ്റൻ സ്‌കോ പടുത്തുയർത്തി. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ബട്ലർ 59 പന്തിൽ 4 സിക്സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ അഞ്ച് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ആദ്യ വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. നടരാജനാണ് ജയ്‌സ്വാളിൻറെ വിക്കറ്റ്. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന സഞ്ജുവും ബട്‌ലറും ചേർന്ന് രാജസ്ഥാൻ സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുക്കം സെഞ്ച്വറിക്ക് അഞ്ച് റൺസ് മാത്രം അകലെ ബുവനേശ്വർ ബട്‌ലറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്‌മെയറുമായി ചേർന്ന് സഞ്ജു സ്‌കോർ 200 കടത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

