സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. മലയാളി താരത്തിന്റെ കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർണമായി. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ രാജസ്ഥാനിലേക്ക് പോകും. മൂവരും ധാരാണാപത്രത്തിൽ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉൾപ്പെടുന്നതിൽ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നൽകാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണിൽ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാൽ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളിൽ നിന്ന് വിട്ടു നിന്നപ്പോൾ നായകനായത് റിയാൻ പരാഗ് ആയിരുന്നു. എന്നാൽ സഞ്ജു ടീം വിട്ടാൽ ടീമിന്റെ അടുത്ത നായകനായി റിയാൻ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന.
പകരം ഓപ്പണർ യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാൻ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നൽകുകയെന്ന് വാർത്തകളുണ്ടായിരുന്നു. സം കറനെ ഉൾപ്പെടുത്തുന്നതിൽ രാജസ്ഥാന് ഓവർസീസ് ക്വാട്ട ഒരു പ്രശ്നമായിരുന്നു. നിലവിലെ വിദേശ താരങ്ങളിൽ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓൾറൗണ്ടറായ സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് കഴിയുമായിരുന്നില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമായിരുന്നു. ചെന്നൈയിൽ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

