സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. മത്സരങ്ങൾ അവസാനിക്കുമ്പോൾ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. അത്ലറ്റിക്‌സിൽ മലപ്പുറമാണ് മുന്നിട്ടു നിൽക്കുന്നത്. പാലക്കാടാണ് അത്ലറ്റിക്‌സ് കിരീടത്തിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത്.
ഇന്ന് അത്ലറ്റിക്‌സിൽ 16 ഫൈനലുകളാണ് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4×100 മീറ്റർ റിലേ മത്സരങ്ങളും 400 മീറ്റർ ഫൈനലും ഇന്നത്തെ പ്രധാന ഇനങ്ങളാണ്. ഈ മത്സരങ്ങളോടെ ഈ വർഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും.ഉച്ചയ്ക്ക് ശേഷം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് സമ്മാനിക്കും. കായികമേളയിലെ ഓവറോൾ ചാമ്പ്യൻമാർക്ക് ഇത്തവണ 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനിക്കുക എന്ന പ്രത്യേകതയുമുണ്ട്. മുൻപ് കലോത്സവത്തിന് മാത്രമായിരുന്നു സ്വർണ്ണക്കപ്പ് നൽകിയിരുന്നത്.
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും ഇല്ലായ്മകളിൽ നിന്നും കനക നേട്ടം കൊയ്ത പ്രതിഭകളെക്കൊണ്ട് സമ്പന്നമായിരുന്നു ഈ വർഷത്തെ കായികമേള. നഗ്‌നപാദരായി ഓടിയവരും, കടം വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചവരും, ഔദാര്യത്തിൽ കിട്ടിയ സ്‌പൈക്കിൽ വിജയം നേടിയവരും തീർത്ത പ്രകടനമാണ് മലപ്പുറത്തിന് അത്ലറ്റിക്‌സിൽ മുന്നേറ്റം നൽകിയത്.കൂടാതെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സജീവ സാന്നിധ്യവും, വീടില്ലാത്ത മികച്ച കായിക താരങ്ങൾക്ക് വീട് ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഈ മേളയെ കൂടുതൽ ശ്രദ്ധേയമാക്കി. ജീവിത വഴികൾ തെളിക്കാൻ ശ്രമിച്ചവരുടെ പ്രതീക്ഷകൾക്ക് നിറം നൽകിയാണ് ഈ കായിക മാമാങ്കത്തിന് ഇന്ന് സമാപനമാകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

