ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐസിയുവിലാണ്.

ഡസ്സിംഗ് റൂമില്‍ വച്ച് അദ്ദേഹത്തിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍ പരിക്ക് മാരകമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചുരുങ്ങിയത് ഒരാഴ്ച്ച എങ്കിലും ശ്രേയസിന് ആശുപത്രിയില്‍ കഴിയേണ്ടി വരും. പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ… ”കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. അദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാല്‍, അദ്ദേഹം രണ്ട് മുതല്‍ ഏഴ് ദിവസം വരെ നിരീക്ഷണത്തില്‍ തുടരും. ടീം ഡോക്ടറും ഫിസിയോയും ശ്രേയസിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമാക്കി. പക്ഷേ അത് മാരകമാകുമായിരുന്നു. എന്നാല്‍, ശ്രേയസ് ഉടന്‍ തന്നെ സുഖം പ്രാപിച്ച് മത്സരത്തിലേക്ക് തിരിച്ചുവരും.” പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരമ്പര നഷ്ടമായേക്കുമെന്ന് നേരരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply