മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമയെ വിടാതെ പിന്തുടരുകയാണ് ‘ഡക്ക്’ശാപം. മുംബൈയ്ക്കും ചെന്നൈയ്ക്കും ഒരുപോലെ നിർണായകമായ എൽക്ലാസിക്കോ പോരാട്ടത്തിലും ശനിദശയിൽനിന്ന് മോചിതനാകാൻ രോഹിതിനായില്ല. മൂന്ന് പന്ത് നേരിട്ടാണ് ചെപ്പോക്കിൽ ഹിറ്റ്മാൻ സംപൂജ്യനായി മടങ്ങിയത്.
ഐ.പി.എല്ലിൽ ഏറ്റവും അധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന സ്വന്തം പേരിലുണ്ടായിരുന്ന റെക്കോർഡ് തിരുത്തുക മാത്രമാണ് ഇത്തവണ രോഹിത് ചെയ്തത്. ഐ.പി.എൽ കരിയറിലെ 16-ാമത്തെ ഡക്ക് ആയിരുന്നു ഇത്. വെസ്റ്റിൻഡീസ് താരം സുനിൽ നരൈൻ, ഇന്ത്യൻ താരങ്ങളായ ദിനേശ് കാർത്തിക്, മന്ദീപ് സിങ് എന്നിവർ 15 ഡക്കുകളുമായി തൊട്ടുപിന്നിലുണ്ട്. ഒരു ഐ.പി.എൽ ടീമിന്റെ നായകനെന്ന നിലയിൽ ഏറ്റവും അധികം തവണ പൂജ്യത്തിനു പുറത്തായ താരവും രോഹിത് തന്നെ. 11 തവണയാണ് ക്യാപ്റ്റൻസിയിൽ താരത്തിന്റെ ‘ഡക്ക്’ റെക്കോർഡ്. ഇത്തവണ തുടർച്ചയായ രണ്ടാമത്തെ ഡക്ക് കൂടിയാണിത്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിലും മൂന്ന് പന്ത് നേരിട്ടാണ് താരം സംപൂജ്യനായി മടങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുകൂടി ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ് താരത്തിന്റെ മോശം ഫോം. 2016നുശേഷം ആകെ 122 ടി20 മത്സരങ്ങളാണ് രോഹിത് കളിച്ചത്. ഇതിൽ 20 തവണയാണ് താരം പൂജ്യത്തിന് പുറത്തായത്.
പതിവുസ്ഥാനത്തുനിന്ന് മാറി മൂന്നാമനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. പകരം കാമറോൺ ഗ്രീനിനെ ഓപണറായി അയയ്ക്കുകയും ചെയ്തു. പവർപ്ലേയിൽ പരമാവധി റൺസ് വാരിക്കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഫോമിലുള്ള ഗ്രീനിനെ ഓപണിങ്ങിനയച്ചതെങ്കിലും തന്ത്രം പാളി. നാല് പന്ത് നേരിട്ട് വെറും ആറു റൺസുമായി തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ദീപക് ചഹാറിനെ വമ്പനടിക്ക് ശ്രമിച്ച് ഇഷനും മടങ്ങി. മഹേഷ് തീക്ഷണയ്ക്ക് ക്യാച്ച് നൽകി തിരിച്ചുനടക്കുമ്പോൾ ഒൻപത് പന്തിൽ ഏഴു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ രോഹിതും ചെന്നൈയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ തപ്പിത്തടയുന്നതാണ് കണ്ടത്. ചഹാറിന്റെ പന്തിൽ അലസമായ സ്‌കൂപ്പിനു ശ്രമിച്ച രോഹിതിന്റെ നീക്കം രവീന്ദ്ര ജഡേജയുടെ കൈയിലാണ് അവസാനിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

