വിനു മങ്കാദ് ട്രോഫി: മുഹമ്മദ് ഇനാന് മൂന്ന് വിക്കറ്റ്; കരുത്തരായ ബംഗാളിനെ തോല്‍പ്പിച്ച് കേരളം

19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ബംഗാളിനെ ആവേശപ്പോരാട്ടത്തില്‍ മറികടന്ന് കേരളം. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബംഗാളിന്റെ ലക്ഷ്യം 26 ഓവറില്‍ 148 റണ്‍സായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങില്‍ അവര്‍ക്ക് 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജോബിന്‍ ജോബി (2) കെ ആര്‍ രോഹിത് (1) ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. സംഗീത് സാഗറിന്റെയും മാധവ് കൃഷ്ണയുടെയും ഇന്നിങ്‌സുകളാണ് കേരളത്തെ കരകയറ്റിയത്. അവസാന ഓവറുകളില്‍ അമയ് മനോജിന്റെ മികച്ച ഇന്നിങ്‌സും കേരളത്തിന് തുണയായി. സംഗീത് സാഗര്‍ 36 റണ്‍സെടുത്തു. മാധവ് കൃഷ്ണ (38) മികച്ച പ്രകടനം പുറത്തെടുത്തു. അമയ് മനോജ് 43 പന്തുകളില്‍ നിന്ന് 42 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗാളിന് വേണ്ടി രോഹിത് കുമാര്‍ ദാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമായിരുന്നു നല്‍കിയത്. അഗസ്ത്യ ശുക്ലയും അങ്കിത് ചാറ്റര്‍ജിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 62 റണ്‍സ് നേടി. അഗസ്ത്യ 29ഉം അങ്കിത് 27ഉം റണ്‍സ് നേടി. ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബൌളര്‍മാര്‍ പിടിമുറുക്കി. തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ ബംഗാള്‍ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. ഒടുവില്‍ അവസാന ഓവറുകളിള്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരളം മല്‌സരത്തില്‍ വിജയം സ്വന്തമാക്കി. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചന്ദ്രഹാസാണ് ബംഗാളിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി മൊഹമ്മദ് ഇനാന്‍ മൂന്നും തോമസ് മാത്യു രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply