വിനു മങ്കാദ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി; സൗരാഷ്ട്രയോട് പരാജയപ്പെട്ടത് 51 റണ്‍സിന്

19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും കേരളത്തിന് തോല്‍വി. 51 റണ്‍സിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 47.2 ഓവറില്‍ 204 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര 33 ഓവറില്‍ രണ്ട് വിക്കറ്റിന് 156 റണ്‍സെടുത്ത് നില്‌ക്കെ മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം മികച്ചൊരു തുടക്കത്തിന് ശേഷം തകര്‍ന്നടിയുകയായിരുന്നു. സംഗീത് സാഗറും ജോബിന്‍ ജോബിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 50 റണ്‍സ് പിറന്നു. സംഗീത് 27 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ കെ ആര്‍ രോഹിതും ജോബിനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായതോടെയാണ് കേരളത്തിന്റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമായത്. ജോബിന്‍ 67ഉം രോഹിത് 48ഉം റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 155 റണ്‍സെന്ന നിലയിലായിരുന്നു കേരളം.

എന്നാല്‍ 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടമായി. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാനവ് കൃഷ്ണ മാത്രമാണ് ഒരറ്റത്ത് പിടിച്ചു നിന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ആര്യന്‍ സവ്‌സാനി മൂന്നും ധാര്‍മ്മിക് ജസാനിയും പുഷ്പരാജ് ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply