റിഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു; തിരിച്ചുവരവ് പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലിൽ (ഐപിഎല്‍ 2024) കളിക്കുമെന്ന് ഉറപ്പായി. ഡല്‍ഹി ക്യാപിറ്റല്‍സിനും ടീം ഇന്ത്യക്കും വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞു തന്നെയാണ് ക്യാപിറ്റല്‍സ് സ്‌ക്വാഡിലേക്ക് റിഷഭിന്‍റെ തിരിച്ചുവരവ്.

2022ൽ ഡിസംബറിൽ നടന്ന വാഹനാപകടമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ പന്ത് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയും പരിശീലനവും തുടരുന്ന പന്തിന് കഴിഞ്ഞ സീസണിലെ ഐപിഎൽ പൂർണമായും നഷ്ടമായി. ഈ സീസണിലും പന്തിന് ഐപിഎൽ നഷ്ടമാവുമോയെന്ന സംശയവും ശക്തമായിരുന്നു. ഈ സംശയങ്ങളും അവ്യക്തതകളുമെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. റിഷഭ് പന്ത് വരുന്ന സീസണിൽ കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. ഫെബ്രുവരിയോടെ പന്ത് പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

ബിസിസിഐ മെഡിക്കൽ വിഭാഗത്തിന്‍റെ അനുമതി കിട്ടിയാൽ മാത്രമേ പന്ത് വിക്കറ്റ് കീപ്പറാവുകയുള്ളൂ. ഇല്ലെങ്കിൽ ബാറ്റിംഗിലും ഫീൽഡിംഗിലും മാത്രമാവും പന്തിന്‍റെ ശ്രദ്ധ. ഇരുപത്തിയാറുകാരനായ പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്. ഐപിഎല്ലിൽ ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താല്‍ പന്ത് ഇന്ത്യൻ ടീമിലേക്കും തിരികെയെത്തും. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 15 അ‌ർധസെഞ്ചുറിയുമടക്കം പന്ത് 2835 റൺസ് നേടിയിട്ടുണ്ട്. 33 ടെസ്റ്റിൽ അഞ്ച് സെഞ്ചുറിയോടെ 2271 റൺസും 30 ഏകദിനത്തിൽ 865 റൺസും 66 രാജ്യാന്തര ട്വന്‍റി 20യിൽ 987 റൺസുമാണ് പന്തിന്‍റെ സമ്പാദ്യം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply