രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ബംഗാളിനെ 109 റൺസിന് തോൽപിച്ച് കേരളത്തിന് സീസണിലെ ആദ്യ ജയം. രണ്ടാം ഇന്നിങ്‌സിൽ 449 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സന്ദർശകരുടെ പോരാട്ടം 339ൽ അവസാനിച്ചു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഓൾറൗണ്ടർ ജലജ് സക്‌സേന നാല് വിക്കറ്റുമായി കേരളത്തിനായി തിളങ്ങി. ആദ്യ ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റും നേടിയ സക്‌സേനെയാണ് കളിയിലെ താരം. സ്‌കോർ കേരളം 363, 265-6, ബംഗാൾ, 180, 339
നാലാം ദിനം അവസാന സെഷനിലാണ് കേരളം ജയം പിടിച്ചത്. ബംഗാളിന്റെ മധ്യനിരയെ വലിയ സ്‌കോറിലെത്തിക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ആതിഥേയർക്കായി. ക്യാപ്റ്റൻ മനോജ് തിവാരി 35 റൺസെടുത്തും അഭിഷേക് പൊരെൽ 28 റൺസെടുത്തും പുറത്തായി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഷഹബാസ് അഹമ്മദ് നടത്തിയ പോരാട്ടം കേരളത്തിന് ഭീഷണിയായി. ഏഴാമനായി ക്രീസിലെത്തിയ ഷഹബാസ് 80 റൺസെടുത്തു. ബേസിൽ തമ്പിക്കാണ് വിക്കറ്റ്. കരൺ ലാലിനെ(40) എൻ പി ബേസിലും പുറത്താക്കിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന സ്‌കോറിൽ അവസാന ദിനം ക്രീസിലെത്തി ബംഗാളിനായി അർധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ ഭീഷണി ഉയർത്തിയെങ്കിലും ജലജ് സക്‌സേന വിക്കറ്റുമായി കളിയിലേക്ക് മടക്കികൊണ്ടുവന്നു. സീസണിൽ ഇതുവരെ ആറ് കളികളിൽ ഒരു ജയവും ഒരു തോൽവിയും നാല് സമനിലയും അടക്കം 14 പോയന്റാണ് കേരളത്തിനുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

