രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ മുംബൈക്കായി വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ആദ്യ ഇന്നിംഗ്സില്‍ 67 റണ്‍സ് നേടിയ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 174 പന്തില്‍ 156 റണ്‍സടിച്ചു പുറത്തായി. 18 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. 120 പന്തിലാണ് ജയ്സ്വാള്‍ സെഞ്ചുറിയിലെത്തിയത്. ജയ്സ്വാളിന്‍റെ കരിയറിലെ പതിനേഴാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.
ആദ്യ ഇന്നിംഗ്സില്‍ 254 റണ്‍സിന് പുറത്തായ മുംബൈക്കെതിരെ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 617 റണ്‍സടിച്ച് 363 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് നേടിയിരുന്നു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനിറങ്ങിയ മുംബൈക്കായി രണ്ടാം ഇന്നിംഗ്സില്‍ യശസ്വിയും മുഷീര്‍ ഖാനും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണിട്ടത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 149 റണ്‍സടിച്ചു. 63 റണ്‍സെടുത്ത മുഷീര്‍ ഖാന്‍ പുറത്തായശേഷം ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ(18) നിരാശപ്പെടുത്തിയെങ്കിലും സിദ്ദേശ് ലാഡുമൊത്ത് ജയ്സ്വാള്‍ മുംബൈയെ 250 കടത്തി. രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ മുംബൈക്കിനിയും 94 റണ്‍സ് കൂടി വേണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

