ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം.
ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്. 13 കളിയിൽ 28 പോയിന്റുമായി ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന ഒന്നാമതാണ്. 21 പോയിന്റുകളുമായി ബ്രസീൽ മൂന്നാം സ്ഥാനത്ത്.
അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ആറ് വർഷമായി ഒരു മത്സരവും ബ്രസീൽ ജയിച്ചിട്ടില്ല. 2019ൽ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജർ കിരീടവും ബ്രസീലിനില്ല. മറുഭാഗത്ത് അർജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ കിരീടം എന്നിവയെല്ലാം അതിനിടെ നേടി.
പുതിയ പരിശീലകൻ ഡൊറിവാൾ ജൂനിയറിന്റെ കീഴിൽ തുടർ സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീൽ. കഴിഞ്ഞ കളിയിൽ കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

