നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന് ബഹുമതി കൈമാറി. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം, ജനുവരി 22ന് അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് 4 രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായും നീരജ് ചോപ്ര ചുമതലയേറ്റിരുന്നു. പിന്നീട് 2024-ല്‍ സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 2018ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച നീരജിന് ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ 2021-ല്‍ ഖേല്‍ രത്ന പുരസ്‌കാരവും ലഭിച്ചിരുന്നു. 2022-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

2023ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റുകൂടിയാണ് നീരജ്. അതേസമയം, നീരജ് ചോപ്രയ്ക്ക് അടുത്തിടെ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ലോക കിരീടം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. 84.03 മീറ്റര്‍ ദൂരം പിന്നിട്ട് അദ്ദേഹം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply