ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷത്തിനിടയിൽ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും കാരണം ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി വേണ്ടെന്ന തീരുമാനത്തിലായിരുന്നു ആർസിബി. എന്നാൽ ആ തീരുമാനത്തിൽ നിന്ന് ഒടുവിൽ പിൻമാറിയിരിക്കുകയാണ് ഫ്രാഞ്ചൈസി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതോടെയാണ് ആർസിബി തീരുമാനം മാറ്റിയത് എന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി കർണാടക സർക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുകയാണ്. ഇന്നോ നാളെയോ സർക്കാർ പ്രതിനിധികളുമായി ഒരുഘട്ട ചർച്ച കൂടി നടന്നേക്കും. ഇതിന് ശേഷമായിരിക്കും ഹോം ഗ്രൗണ്ട് ആണെന്ന ഔദ്യോഗിക പ്രഖ്യാപനം ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകൂ. നേരത്തെ പുനെയിൽ ഹോം ഗ്രൗണ്ട് കണ്ടെത്താനുള്ള നീക്കം ആർസിബിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

