ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ട് ഐസിസി. ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടെസ്റ്റ് എന്ന നാണക്കേട് സ്വന്തമാക്കിയ കേപ്ടൗണ്‍ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ പൂര്‍ത്തിയായിരുന്നു. ആദ്യ ദിനം മൂന്ന് സെഷനുകളില്‍ നിന്നായി 23 വിക്കറ്റും രണ്ടാം ദിവസം രണ്ട് സെഷനുകളില്‍ 10 വിക്കറ്റുമാണ് കേപ്ടൗണില്‍ നിലംപൊത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിനും ഇന്ത്യ 153 റണ്‍സിനും ഓള്‍ ഔട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സടിച്ചെങ്കിലും 79 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
അസാധാരണമായി പന്ത് കുത്തി ഉയര്‍ന്ന പിച്ചിനെ തൃപ്തികരമല്ല എന്ന ഗണത്തിലാണ് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് ഉള്‍പ്പെടുത്തിയത്. ഒപ്പം കേപ്ടൗണിന് ഡിമെറിറ്റ് പോയന്‍റും ചുമത്തും. എത്ര ഡിമെറിറ്റ് പോയന്‍റുകളാണ് കേപ്ടൗണിന് ലഭിക്കുക എന്ന് ഐസിസി വ്യക്തമാക്കിയിട്ടില്ല. ആറ് ഡി മെറിറ്റ് പോയന്‍റ് ലഭിച്ചാല്‍ ഒരുവര്‍ഷത്തേക്ക് രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവാനാവില്ല. 12 ഡി മെറിറ്റ് പോയന്‍റാണെങ്കിൽ വിലക്ക് രണ്ടു വര്‍ഷം വരെ നീളാം.
ന്യൂലാന്‍ഡ്സിലെ പിച്ചിൽ ബാറ്റ് ചെയ്യാന്‍ ഏറെ ദുഷ്കരമായിരുന്നുവെന്നും പലപ്പോഴും അസാധാരണമായി പന്ത് കുത്തി ഉയര്‍ന്നിരുന്നുവെന്നും ഇത് കൈയിലും ദേഹത്തും കൊണ്ട് ബാറ്റര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ക്രിസ് ബ്രോഡ് പറഞ്ഞു. അസാധാരണ ബൗണ്‍സാണ് പല വിക്കറ്റുകളും വീഴാന്‍ കാരണമായതെന്നും ബ്രോഡ് പറഞ്ഞു.
കേപ്ടൗണ്‍ ടെസ്റ്റില്‍ ഇരു ടീമുകളും ചേര്‍ന്ന് ആകെ 642 പന്തുകള്‍ മാത്രമാണ് കളിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റെടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

