രഞ്ജി ട്രോഫിയുടെ പുതിയ സീസണ് ബുധനാഴ്ച തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്‍റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. മൊഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസണുമുണ്ട്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്‍റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് മുന്നേറിയത്.
കടുപ്പമേറിയ എതിരാളികള്‍
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിന്‍റെ സ്ഥാനം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് -ബൗളിങ് നിരകൾ ഫോമിലേക്ക് ഉയർന്നാൽ ഇവരെയൊക്കെ മറികടക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ സീസണിൽ കേരള ടീം തെളിയിച്ചതാണ്. മികച്ച പ്രകടനവുമായി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

