കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിൽ കളിക്കും. 26,80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരമാണ് നടന്നത്.മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവിൽ 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
ഓൾറൗണ്ടർ വിനൂപ് മനോഹരൻ അടിസ്ഥാന വിലയായ മൂന്നു ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സിൽ കളിക്കും.എം.എസ്. അഖിൽ 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സിൽ കളിക്കും.കഴിഞ്ഞ സീസണിലെ വിലയേറിയ താരമാണ് എം.എസ്. അഖിൽ. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസിലാണ് കഴിഞ്ഞ സീസണിൽ അഖിൽ കളിച്ചത്.സിജോ മോൻ ജോസഫ് 5.20 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി. പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല.രാവിലെ പത്തുമുതൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ലേലം ആരംഭിച്ചു. എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ഇന്നത്തെ ലേലം.
ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണ്ണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക.ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ആറു ടീമുകൾ ചാംപ്യൻഷിപ്പിലുണ്ട്. ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങും.