കടുത്ത വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. വിഷാദത്തിനെതിരായ പോരാട്ടം ക്രിക്കറ്റ് മൈതാനത്ത് നേരിടേണ്ടിവന്നതിനേക്കാള്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു. സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്. മാനസികമായി പ്രയാസം നേരിടുന്നവര്‍ സഹായം തേടണമെന്നും ഉത്തപ്പ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് വിഷാദംമൂലം ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തപ്പയുടേയും പ്രതികരണം.
ഞാൻ അടുത്തിടെ ഗ്രഹാം തോര്‍പ്പിനേക്കുറിച്ച് കേട്ടിരുന്നു. അതുപോലെ വിഷാദംമൂലം ജീവനൊടുക്കിയ നിരവധി ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഞാനും ആ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. ഇത് സുന്ദരമായ ഒരു യാത്രയല്ല. ദുര്‍ബലപ്പെടുത്തുന്നതും ക്ഷീണിപ്പിക്കുന്നതുമാണ്, ഉത്തപ്പ പറഞ്ഞു.നിങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ ഒരു ഭാരമാണെന്ന് തോന്നും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതുപോലെയും ഓരോ ചുവടുവെക്കുമ്പോഴും ഭാരം കൂടിക്കൂടി വരുന്നതായും അനുഭവപ്പെടും. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാതെ വര്‍ഷങ്ങള്‍ ഞാന്‍ കടന്നുപോയിട്ടുണ്ട്. 2011-ലായിരുന്നു ഇത്. മനുഷ്യനായി ജനിച്ചതില്‍ ലജ്ജ തോന്നിയിട്ടുണ്ട്. കണ്ണാടിയില്‍ നോക്കാന്‍ പറ്റില്ലായിരുന്നു. ആ നിമിഷങ്ങളില്‍ തോറ്റുപോയതുപോലെയാണ് തോന്നിയത്, ഉത്തപ്പ വ്യക്തമാക്കി.
2015-ലാണ് ഉത്തപ്പ അവസാനമായി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

