വരും സീസൺ ഐപിഎൽ മത്സരങ്ങൾ നേരിൽ കാണുന്നത് ആരാധകർക്ക് ചിലവേറും. ഐപിഎൽ ടിക്കറ്റുകൾ ഉൾപ്പടെയുള്ള വിവിധ വിനോദ പരിപാടികൾക്ക് 40 ശതമാനം ജിഎസ്ടി ബാധകമാക്കിയതോടെയാണിത്. ഐപിഎൽ മത്സരങ്ങൾ, കാസിനോകൾ, ലോട്ടറി, ബെറ്റിംഗ്, ഹോഴ്സ് റേസിംഗ്, ഗാംബ്ലിംഗ്, ഓൺലൈൻ മണി ഗെയിംസ് എന്നിവയ്ക്ക് പുതുക്കിയ ജിഎസ്ടി സ്ലാബ് പ്രകാരം ലക്ഷ്വറി ടാക്സ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഐപിഎൽ മത്സരങ്ങൾക്ക് നേരത്തെ 28 ശതമായിരുന്നു ജിഎസ്ടി ചുമത്തിയിരുന്നത്. ബുധനാഴ്ച ചേർന്ന 56-ാം ജിഎസ്ടി കൗൺസിൽ യോഗമാണ് ജിഎസ്ടി സ്ലാബുകളിൽ മാറ്റത്തിന് അനുമതി നൽകിയത്.
പുതുക്കിയ ജിഎസ്ടി പട്ടികയിൽ 12, 28 സ്ലാബുകൾ ഒഴിവാക്കിയതോടെ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും നിരക്ക് കുറയും. 175 നിത്യോപയോഗ സാധനങ്ങൾക്ക് വില താഴും. 75 ഉത്പന്നങ്ങളുടെ വിലകുറയുമ്പോൾ കൃഷി, ആരോഗ്യം, ടെക്‌സ്‌റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടു മേഖലകൾക്ക് വലിയ ഗുണമുണ്ടാകും. ആരോഗ്യ ലൈഫ് ഇൻഷുറൻസ് നികുതി ഇല്ലാതായതോടെ പ്രീമിയത്തിൽ വലിയ കുറവ് അനുഭവപ്പെടും. എല്ലാ മരുന്നുകൾക്കും വില താഴുമെന്നത് രോഗികൾക്ക് ആശ്വാസമാണ്. 33 ജീവൻരക്ഷാ മരുന്നുകളുടെ നികുതി പൂർണ്ണമായി ഒഴിവാക്കിയത് ആകർഷമാണ്. അർബുദ രോഗത്തിനും അപൂർവ രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ 5% നികുതി ഒഴിവാക്കി. മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ചിലേക്ക് കുറച്ചു.
കാർ വിലയിൽ ഒരു ലക്ഷം രൂപ വരെ കുറവ് വരുമെന്ന പ്രത്യേകതയുമുണ്ട്. നികുതി 28 ശമതാനത്തിൽ നിന്ന് 18 ശതമാനം ആക്കി ആണ് കുറച്ചിരിക്കുന്നത്. സിമൻറിൻറെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചത് നിർമാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. സാധാരണക്കാരെ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് ജിഎസ്ടി പരിഷ്‌കരണത്തെ ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. എങ്കിലും ഐപിഎൽ ആരാധകർക്ക് അത്ര സന്തോഷം നൽകുന്ന വാർത്തയല്ല ജിഎസ്ടി പരിഷ്‌കാരം നൽകുന്നത്. നിലവിലെ നിരക്കിൽ വരും സീസണിലും ഐപിഎൽ ടിക്കറ്റുകൾ ലഭ്യമാക്കാൻ ബിസിസിഐ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

