ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുകയും ഏതെങ്കിലും ഒരു ടീമിലെത്തിയശേഷം വ്യക്തമായ കാരണങ്ങളില്ലാതെ പിന്‍മാറുകയും ചെയ്യുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി ടീം ഉടമകള്‍. ഇന്നലെ മുംബൈയില്‍ ബിസിസിഐ വിളിച്ചുചേര്‍ത്ത ടീം ഉടമകളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
പല താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ പങ്കെടുത്ത് ഏതെങ്കിലും ടീമുകളില്‍ എത്തുകയും ചെയ്യും. എന്നാല്‍ ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ പലരും പിന്‍മാറുന്നത് ടീമകളുടെ സന്തുലനത്തെയും കോംബിനേഷനെയും ബാധിക്കുന്നുവെന്നും അവസാന നിമിഷം പകരക്കാരെ കണ്ടെത്തേണ്ടവരുമെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ റോയ് എന്നിവര്‍ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തശേഷം പിന്‍മാറിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചിലര്‍ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിന്‍മാറുന്നതെന്ന് ടീം ഉടമകള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന വിദേശ താരങ്ങൾക്കെതിരെ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരണിക്കണമെന്ന് ചില ടീം ഉടമകള്‍ പറഞ്ഞു.
ലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന് ടീം ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 120-125 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മെഗാ താരത്തെ നിലനിര്‍ത്താന്‍ കഴിയുന്ന കളിക്കാരുടെ എണ്ണം ഉയര്‍ത്തണമെന്നും ടീം ഉടമകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്താനാവുക. ഇത് എട്ടായി ഉയര്‍ത്തണമെന്നാണ് ടീം ഉടമകളുടെ ആവശ്യം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

