ഐപിഎല്ലിൽ ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. 59 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസ് 18.2 ഓവറിൽ 121 റൺസുമായി പുറത്താവുകയായിരുന്നു. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ തോറ്റതോടെ ഡൽഹി ക്യാപിറ്റൽസി പ്ലേ ഓഫിൽ നിന്ന് പുറത്തായി. ഇതോടെ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾക്ക് ശേഷം ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറി.
വാങ്കഡെ സ്റ്റേഡിയത്തിൽ മുബൈക്കെതിരെ ബാറ്റുമായി ഇറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ കെ എൽ രാഹുലിനെയും ഫാഫ് ഡുപ്ലസിയെയും അഭിഷേക് പോറെലിനെയും പവർ പ്ലേ പൂർത്തിയാകും മുമ്പ് തന്നെ ഡൽഹിയ്ക്ക് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ രാഹുൽ 11 റൺസ് എടുത്ത് പുറത്തായി. നായകൻ ഫാഫ് ഡുപ്ലസിയും അഭിഷേക് പോറെലും ആറ് റൺസ് വീതം നേടി. പവർ പ്ലേ പൂർത്തിയായപ്പോൾ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലായിരുന്നു. അവസാന 6 ഓവറിൽ 78 റൺസായിരുന്നു ഡൽഹിയ്ക്ക് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം.
15-ാം ഓവറിന്റെ രണ്ടാം പന്തിൽ സാന്റ്‌നർ എത്തി അശുതോഷ് – റിസ്വി കൂട്ടുകെട്ട് പൊളിച്ചു. 35 പന്തിൽ 39 റൺസ് നേടിയ സമീർ റിസ്വിയെ സാന്റ്‌നർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ട് പന്തുകളുടെ മാത്രം വ്യത്യാസത്തിൽ അശുതോഷിനെയും (18) സാന്റ്‌നർ മടക്കിയയച്ചു. പിന്നീട് വന്നവർക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ മുംബൈ അനായാസം കളി പിടിച്ചു. സാന്റനറുടെയും ബുമ്രയുടെയും പ്രകടനമാണ് മത്സരത്തിൽ മുംബൈയ്ക്ക് വിജയം ഉറപ്പാക്കിയത്. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയ സാന്റ്‌നർ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.2 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്രയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
നേരത്തേ മുംബൈ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണെടുത്തിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർ റയാൻ റിക്കെൽട്ടൺ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാൽ രോഹിത് ശർമ നിരാശപ്പെടുത്തി. അഞ്ച് റൺസ് മാത്രമെടുത്ത് താരം പുറത്തായി. മൂന്നാമനായി ഇറങ്ങിയ വിൽ ജാക്ക്സും മുംബൈ സ്‌കോറുയർത്തി. 13 പന്തിൽ നിന്ന് 21 റൺസെടുത്ത് വിൽ ജാക്ക്സ് കൂടാരം കയറിയതോടെ മുംബൈ 48-2 എന്ന നിലയിലായി.
നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും തിലക് വർമയുമാണ് പിന്നീട് മുബൈയെ കരകയറ്റിയത്. സ്‌കോർ 113 ൽ നിൽക്കേ തിലക് വർമയെ(27) മുകേഷ് കുമാർ പുറത്താക്കി. 19-ാം ഓവറിൽ 27 റൺസും അവസാന ഓവറിൽ 21 റൺസും സൂര്യയും നമാനും ചേർന്നെടുത്തു. അതോടെ നിശ്ചിത 20 ഓവറിൽ മുംബൈ 180-ലെത്തി. സൂര്യകുമാർ 43 പന്തിൽ നിന്ന് ഏഴ് ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 73 റൺസെടുത്തു. നമാൻ ധിർ എട്ട് പന്തിൽ നിന്ന് 24 റൺസെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

