ഐഎസ്എൽ ഫുട്ബോൾ ; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ , ജയിച്ചാൽ സെമിയിൽ , തോറ്റാൽ പുറത്ത്

ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം. ഒഡീഷ എഫ്സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർ സെമിയിൽ മോഹൻ ബഗാനെ നേരിടും.

പോയിന്റ് പട്ടികയിൽ ഒഡീഷ എഫ്സി നാലാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തിൽ തകർപ്പൻ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ഘട്ടത്തിൽ അവിശ്വസനീയമാം വിധം തകർന്നിരുന്നു. ഐഎസ്എൽ ഷീൽഡ് നേടിയ മോഹൻ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തിൽ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. എന്നാൽ, രണ്ടാം പാദത്തിൽ 10 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് വെറും രണ്ട് മത്സരങ്ങളിൽ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്സിയോടും നോർത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ഒഡീഷയ്ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പാദത്തിൽ പരാജയപ്പെട്ടു.

തുടരെ താരങ്ങൾക്കേറ്റ പരുക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്. എന്നാൽ, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാർ പ്ലയർ അഡ്രിയാൻ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകർക്ക് ആവേശമാണ്. പ്രബീർ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply