ഇന്ത്യ 201-ന് ഓൾ ഔട്ട്; മാർക്കോ ജാൻസൺ തകർപ്പൻ പ്രകടനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് ലീഡ്

ഗുവാഹത്തി ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യൻ ടീം ഒന്നാം ഇന്നിംഗ്‌സിൽ 201 റൺസിന് പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും, ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിങ്ങിനിറങ്ങാൻ തീരുമാനിച്ചത് ആതിഥേയർക്ക് ആശ്വാസമായി.

ദക്ഷിണാഫ്രിക്കക്കായി 91റൺസ് അടിച്ചെടുത്ത മാർകോ ജാൻസൺ തന്നെയായിരുന്നു ബൗളിങ്ങിലും ഇന്ത്യയെ തരിപ്പണമാക്കിയത്. ആറ് വിക്കറ്റുമായി താരം ഇന്ത്യയുടെ മധ്യനിരയെ തകർത്തു.സിമോൺ ഹാമർ രണ്ട് വിക്കറ്റുകളും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി. വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (58), കെ.എൽ. രാഹുലും (22) പിടിച്ചുനിന്ന ആദ്യ വിക്കറ്റിൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ചെറുത്തുനിൽപ്പ് കാഴ്ചവെക്കാനായുള്ളൂ.

65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ, അടുത്ത 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സായി സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ പെട്ടെന്ന് പുറത്തായി. ഏഴിന് 122 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിംഗ്‌സിനെ, വാലറ്റത്ത് പൊരുതിനിന്ന വാഷിങ്ടൺ സുന്ദറും (48), കുൽദീപ് യാദവും (19) ചേർന്നാണ് 200 റൺസ് കടത്തിയത്. നേരത്തെ, രണ്ടാം ദിനം മുത്തുസാമിയുടെ (109) സെഞ്ച്വറിയുടെയും, മാർക്കോ ജാൻസന്റെ (91) അർധസെഞ്ച്വറിയുടെയും പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 489 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply