Headlines

ബഹ്‌റൈൻ ദേശീയ ദിനം: ദുബായിൽ യാത്രക്കാർക്ക് ഊഷ്മള സ്വീകരണം; പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ്

സഹോദര രാഷ്ട്രമായ ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ദുബായ് വിമാനത്താവളം. വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ഹൃദ്യമായ വരവേൽപ്പ് നൽകി. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ പാസ്‌പോർട്ടിൽ “ബഹ്‌റൈൻ; ഹൃദയത്തിലും കണ്ണിലും” (Bahrain, Heart and Eyes) എന്ന സന്ദേശം രേഖപ്പെടുത്തിയ പ്രത്യേക സ്റ്റാമ്പ് പതിച്ചാണ് അധികൃതർ അവരെ സ്വീകരിച്ചത്.

യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധവും വിളിച്ചോതുന്നതായിരുന്നു വിമാനത്താവളത്തിലെ ചടങ്ങുകൾ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പാസ്‌പോർട്ട് കൗണ്ടറുകളിൽ ബഹ്‌റൈൻ പതാകകൾ പ്രദർശിപ്പിക്കുകയും ഉദ്യോഗസ്ഥർ പതാകയുടെ നിറങ്ങളിലുള്ള സ്കാർഫുകൾ ധരിക്കുകയും ചെയ്തു. ബഹ്‌റൈൻ യാത്രക്കാർക്കായി പ്രത്യേക ലെയിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ജിഡിആർഎഫ്എയുടെ മാസ്‌കോട്ടുകളായ ‘സാലമും’ ‘സലാമ’യും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ ദീപാലങ്കൃതമായി. യാത്രക്കാർക്ക് പ്രത്യേക സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു.

സഹോദര രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിൽ അഭിമാനമുണ്ടെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യുഎഇ-ബഹ്‌റൈൻ ബന്ധം സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രത്യേക സ്വീകരണം ബഹ്‌റൈൻ യാത്രക്കാർക്ക് മറക്കാനാവാത്ത യാത്രാനുഭവമായി മാറി.

Leave a Reply